ന്യൂഡല്‍ഹി: വിരമിച്ച 32 വനിതാ ഷോര്‍ട്ട് സര്‍വിസ് കമ്മിഷന്‍ (എസ് എസ് സി) ഉദ്യോഗസ്ഥര്‍ക്കു പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി അനുയോജ്യമെങ്കില്‍ പെര്‍മനന്റ് കമ്മിഷന്‍ അനുവദിക്കുന്നതു പരിഗണിക്കണമെന്നു സുപ്രീം കോടതി. കേന്ദ്രസര്‍ക്കാരിനും വ്യോമസേനയ്ക്കുമാണു കോടതിയുടെ നിര്‍ദേശം.
”രാജ്യത്തെ സേവിക്കേണ്ടതിന്റെ ആവശ്യകത കണക്കിലെടുക്കുമ്പോള്‍ സര്‍വിസില്‍ പുനഃസ്ഥാപിക്കല്‍ ഒരു പ്രായോഗിക സാധ്യതയാകില്ല,” ബെഞ്ച് ഉത്തരവില്‍ പറഞ്ഞു.
സ്ഥിരം കമ്മിഷന്‍ അനുവദിക്കുന്നതിനു യോഗ്യരാണെന്നു വ്യോസേന കണ്ടെത്തിയാല്‍ വനിതാ ഉദ്യോഗസ്ഥര്‍ക്ക് 20 വര്‍ഷം സര്‍വിസ് പൂര്‍ത്തിയാക്കിയ തീയതി മുതല്‍ ഒറ്റത്തവണ പെന്‍ഷന്‍ ആനുകൂല്യം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നു ബെഞ്ച് പറഞ്ഞു.
‘ഉചിതമായ സമീപനം’ സ്വീകരിച്ചതിനു വ്യോമസേനയെ ചീഫ് ജസ്റ്റിസ് അഭിനന്ദിച്ചു. സേനാ മേധാവിയെയും സര്‍ക്കാരിനെയും അഭിനന്ദനം അറിയിക്കാന്‍ കേന്ദ്രത്തിനും സേനയ്ക്കും വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍ ബാലസുബ്രഹ്‌മണ്യനോട് അദ്ദേഹം പറഞ്ഞു.
നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ച് വര്‍ഷത്തിനു ശേഷം സ്ഥിരം കമ്മിഷന്‍ അനുവദിക്കുന്നതിനു പരിഗണിക്കുമെന്ന ന്യായമായ പ്രതീക്ഷയോടെയാണ് 1993-1998 കാലയളവില്‍ അവര്‍ സര്‍വീസില്‍ ചേര്‍ന്നതെന്നു സേനയിലെ മുന്‍ വനിതാ എസ് എസ് സി ഓഫീസര്‍മാര്‍ക്ക് ഇളവ് അനുവദിച്ചുകൊണ്ട് ബെഞ്ച് പറഞ്ഞു,
”എന്നാല്‍ സ്ഥിരം സര്‍വീസ് കമ്മിഷനായി പരിഗണിക്കുന്നതിനുപകരം കാലയളവ് ആറ്, നാല് വര്‍ഷത്തേക്ക് നീട്ടിനല്‍കി. ഒടുവില്‍ 2006 മുതല്‍ 2009 വരെ അത് എത്തി. നിലവിലുള്ള നയത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥിരം കമ്മിഷന് അവസരം ലഭിക്കുമെന്ന ന്യായമായ പ്രതീക്ഷ ഈ ഉദ്യോഗസ്ഥര്‍ക്കുണ്ടായിരുന്നു,” ഉത്തരവില്‍ പറയുന്നു. പെന്‍ഷന്‍ സംബന്ധമായ ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് ഈ ഉദ്യോഗസ്ഥരെ പരിഗണിക്കുമെന്നു ഞങ്ങള്‍ കരുതുന്നതായും ബെഞ്ച് പറഞ്ഞു.
ഈ ഓഫീസര്‍മാരുടെ അനുയോജ്യത വ്യോമസേന പരിശോധിക്കുമെന്നും ഹ്യൂമന്‍ റിസോഴ്സ് പോളിസി പ്രകാരം സ്ഥിരം കമ്മിഷന്‍ അനുവദിക്കുന്നതിന് അര്‍ഹരാണെന്ന് കണ്ടെത്തിയാല്‍ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ അനുവദിക്കുന്നത് പരിഗണിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി. 2010 നവംബറിലെ എച്ച്ആര്‍ പോളിസിയുടെ അടിസ്ഥാനത്തില്‍ ഹര്‍ജിക്കാരുടെ കേസുകള്‍ പരിശോധിക്കുമെന്നു പറഞ്ഞ കോടതി, ഈ ഉദ്യോഗസ്ഥര്‍ക്ക് ശമ്പള കുടിശ്ശികയ്ക്ക് അര്‍ഹതയില്ലെന്നും വ്യക്തമാക്കി. രണ്ട് വിധവാ ഉദ്യോഗസ്ഥരുടെ സമാനമായ അപേക്ഷ ‘അനുതാപപൂര്‍വം’ പരിഗണിക്കാനും ബെഞ്ച് സേനയോട് നിര്‍ദേശിച്ചു.
കരസേനയിലെ വനിതാ ഓഫീസര്‍മാര്‍ക്ക് സ്ഥിരം കമ്മിഷന്‍ നല്‍കണമെന്ന് 2020 ഫെബ്രുവരി 17 ലെ സുപ്രധാന വിധിയില്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. 14 വര്‍ഷം പൂര്‍ത്തിയാക്കിയാലും അല്ലെങ്കില്‍ 20 വര്‍ഷത്തെ സര്‍വിസ് ആയാലും മൂന്നു മാസത്തിനകം എല്ലാ എസ് എസ് സി വനിതാ ഉദ്യോഗസ്ഥരെയും സ്ഥിരം കമ്മിഷനായി പരിഗണിക്കണമെന്നായിരുന്നു നിര്‍ദേശം.