ന്യൂഡല്‍ഹി: സിനിമ പ്രദർശിപ്പിക്കുന്നതിന് മുമ്പ് ദേശീയ ഗാനം പ്രക്ഷേപണം ചെയ്യണമെന്നും ആ സമയം പ്രേക്ഷകർ എഴുന്നേറ്റ് നിൽക്കണമെന്നുമുളള വിധിക്കെതിരെ സുപ്രിം കോടതി ജസ്റ്റിസ് ഡി വൈ. ചന്ദ്രചൂഢിന്രെ രൂക്ഷ വിമർശനം. സിനിമ തിയറ്ററിൽ എഴുന്നേറ്റ് നിന്നല്ല രാജ്യസ്നേഹം പ്രകടിപ്പിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. “കുപ്പായ കൈയിൽ ദേശസ്നേഹം” പ്രദർശപ്പിക്കേണ്ട ആവശ്യമില്ലെന്ന് ജഡ്‌ജി വ്യക്തമാക്കി.
ഓരോ പ്രദർശനത്തിന് മുമ്പും ദേശീയഗാനം അവതരിപ്പിക്കണമെന്നും പ്രേക്ഷകർ അതിനായി എഴുന്നേറ്റ് നിൽക്കണമെന്നും കോടതിയുടെ വിധി വന്നത് 2016 നവംബർ 30 നായിരുന്നു. ഭോപ്പാൽ സ്വദേശി നൽകിയ കേസിൽ തിയറ്ററുകളിൽ അവതരിപ്പിക്കണമെന്നും പ്രേക്ഷകർ എഴുന്നേറ്റ് നിന്ന് ബഹുമാനിക്കണമെന്നുമുളള വിധി നേരത്തെ വന്നിരുന്നത്.
തിയറ്ററുകളിൽ ദേശീയഗാനം അവതരിപ്പിക്കുന്നത് സംബന്ധിച്ച പ്രായോഗിക വിഷയങ്ങൾ,സാങ്കേതിക വിഷയങ്ങളും ഉന്നയിച്ച് കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റിയും കോടതിയെ സമീപിച്ചിരുന്നു. കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി നൽകിയ കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉൾപ്പെട്ട മൂന്നംഗ ബഞ്ചിലെ ഒരംഗമാണ് ജസ്റ്റിസ് ചന്ദ്രചൂഢ്. നവംബറിലെ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി കോടതിയെ സമീപിച്ചത്. കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ( ഐ എഫ് എഫ് കെ) മുമ്പാണ് കോടതിയെ സമീപിച്ചത്. വിധിക്കെതിരെ കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി കോടതിയെ സമീപിച്ചതിന്രെ പേരിൽ കേരളത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിനെതിരെ ബി ജെപിയും അതിന്രെ പോഷക സംഘടനകളും വിദ്വേഷ പ്രചാരണങ്ങളും നടത്തുകയുണ്ടായി.
” അടുത്തത് ജനങ്ങൾ ടീ ഷർട്ടും ഷോട്‌സും ഇട്ടുകൊണ്ട് സിനിമ കാണാൻ പോകരുതെന്നുംം അത് ദേശീയഗാനത്തോടുളള അവഹേളനമാണെന്നും പറയുമോ? ഈ സദാചാര പൊലീസിങിനെ എവിടെ നമുക്ക് അവസാനിപ്പിക്കാനാകും? ജസ്റ്റിസ് ചന്ദ്രചൂഢ് ചോദിച്ചു.
ജസ്റ്റിസ് ദീപക് മിശ്ര ഉൾപ്പെട്ട ബെഞ്ചാണ് 2016 നവംബറിലെ ഉത്തരവ് പുറപ്പെടുവിച്ചത്. ഈ രീതി “ദേശസ്നേഹത്തിന്രെയും ദേശീയതയുടെയും വികാരം പ്രബോധിപ്പിക്കുന്നതിനായിരുന്നു”എന്നായിരുന്നു ജസ്റ്റിസ് ദീപക് മിശ്രയുടെ അനുമാനം.
” ദേശീയഗാനം അവതരിപ്പിക്കുമ്പോൾ സിനിമാ തിയേറ്ററിൽ പ്രേക്ഷകർ എഴുന്നേറ്റ് നിൽക്കേണ്ട കാര്യമില്ല. സിനിമ തിയറ്റർ വിനോദത്തിനുളള ഒരിടമാണ്. ജനങ്ങൾ തിയറ്ററിൽ പോകുന്നത് വിനോദത്തിനാണ്. സമൂഹത്തിന് വിനോദത്തിന്റെ ആവശ്യമുണ്ട്,” ജസ്റ്റിസ് ചന്ദ്രചൂഢ് വ്യക്തമാക്കി.
ജനങ്ങൾക്ക് “മാതൃരാജ്യത്തോടുളള സ്നേഹം” പ്രകടപ്പിക്കുന്നതിനുളള അവസരമാണ് സിനിമാ തിയറ്ററിൽ ദേശീയ ഗാനം അവതരിപ്പിക്കുന്നതിലൂടെ ഉണ്ടാകുകയെന്നാണ് 2016 ലെ വിധിയിൽ ജസ്റ്റിസ് മിശ്ര ഉൾപ്പെട്ട ബഞ്ച് അഭിപ്രായപ്പെട്ടത്.
“നിങ്ങൾ ദേശസ്നേഹിയാണെന്ന് അറിയിക്കാൻ സിനിമാ ഹാളിൽ എഴുന്നേറ്റ് നിൽക്കേണ്ട കാര്യമില്ല” ജസ്റ്റിസ് ചന്ദ്രചൂഢ് ഇന്ന് നിരീക്ഷിച്ചു.
ഇതേ സമയം, മഹാരാഷ്ട്ര പോലുളള സംസ്ഥാനങ്ങളിൽ ഇത് ഗുണപ്രദമാണെങ്കിൽ എന്തുകൊണ്ട് മറ്റ് സംസ്ഥാനങ്ങളിലും ഇത് ഗുണം ചെയ്യില്ലേ എന്നായിരുന്നു മൂന്നംഗ ബഞ്ചിലെ ജഡ്ജ് എ എം ഖാൻവൽക്കറിന്രെ ചോദ്യം.
സിനിമയ്ക്കു ശേഷം ദേശീയഗാനം അവതരിപ്പിക്കുമ്പോൾ പ്രേക്ഷകർ ഹാളിൽ നിന്നും എഴുന്നേറ്റ് പോകുന്നതിന് സാക്ഷിയായിട്ടുണ്ടെന്നും അതുകൊണ്ടായിരിക്കാം ഇത് അവസാനിപ്പിച്ചതെന്നും ജസ്റ്റിസ് ചന്ദ്രചുഢ് നിരീക്ഷിച്ചു.
സിനിമാ പ്രദര്‍ശനത്തിന് മുന്‍പായി രാജ്യത്തെ എല്ലാ തിയേറ്ററുകളിലും ദേശീയഗാനം നിര്‍ബന്ധമായും കേള്‍പ്പിക്കണമെന്ന മുന്‍വിധി സുപ്രീം കോടതി ഭേദഗതി ചെയ്യുമെന്ന സൂചന നൽകിയത് തിയേറ്ററുകളില്‍ ദേശീയഗാനം പാടാതിരിക്കുന്നത് രാജ്യദ്രോഹമായി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം, ഇത് സംബന്ധിച്ച് കേന്ദ്രം എന്തുകൊണ്ട് നിയമം കൊണ്ടുവരുന്നില്ല എന്നും കോടതി ആരാഞ്ഞു.
‘ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ എല്ലാവരും എഴുന്നേറ്റ് നില്‍ക്കണം. ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ സ്‌ക്രീനില്‍ ദേശീയ പതാകയായിരിക്കണം പ്രദര്‍ശിപ്പിക്കേണ്ടത്. ദേശീയഗാനത്തെ നാടകീയവത്ക്കരിക്കുകയോ വാണിജ്യപരമായി ചൂഷണം ചെയ്യുകയോ പാടില്ലെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.
ദേശീയഗാനത്തെ ചൂഷണം ചെയ്യുന്നതിനും അപമാനിക്കുന്നതിനുമെതിരെ ഭോപ്പാല്‍ സ്വദേശി നല്‍കിയ ഹര്‍ജിയിലായിരുന്നു അന്ന് ജസ്റ്റിസ് ദീപക്ക് മിശ്ര തന്നെ അധ്യക്ഷനായ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.