ന്യൂഡൽഹി: ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377 വകുപ്പിന്റെ കുറ്റകരമല്ലാതാക്കുന്ന കാര്യത്തിൽ സുപ്രീം കോടതി തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് കേന്ദ്രസർക്കാർ. ഇക്കാര്യത്തിൽ ഉചിതമായ നിലപാട് സുപ്രീം കോടതിക്ക് സ്വീകരിക്കാമെന്നും കേന്ദ്രസർക്കാരിന് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ അറിയിച്ചു.

അതേസമയം, മൃഗങ്ങളുമായുളള ലൈംഗികത കുറ്റകരമാക്കണമെന്നും, സ്വവർഗ വിവാഹം, ലിവ് ഇൻ ബന്ധം എന്നിവയിൽ ഇപ്പോൾ വിധി പറയരുതെന്നും തുഷാർ മേത്ത കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ ആ വിഷയങ്ങളല്ല, മറിച്ച് സ്വവർഗ ലൈംഗികത കുറ്റകരമാണോയെന്നാണ് കോടതി ഇപ്പോൾ പരിശോധിക്കുന്നതെന്ന് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു. ഉഭയ സമ്മതപ്രകാരം പ്രായപൂർത്തിയായവർ തമ്മിലുളള സ്വവർഗ ലൈംഗിക ബന്ധം കുറ്റകരമാകില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

Read More: സ്വവർഗ ലൈംഗികത നാൾവഴി; 1861 മുതൽ 2018 വരെ

‘പ്രകൃതിവിരുദ്ധ’ ലൈംഗിക ബന്ധം കുറ്റകരമാക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പു സംബന്ധിച്ച വാദമാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് കേൾക്കുന്നത്. ജഡ്ജിമാരായ ആർ.എഫ്.നരിമാൻ, എ.എം.ഖാൻവിൽക്കർ, ഡി.വൈ.ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരാണ് ബെഞ്ചിലുളളത്. ലൈംഗികത സംബന്ധിച്ച മൗലികാവകാശം നിഷേധിക്കുന്നതാണ് 377-ാം വകുപ്പെന്നും അതു റദ്ദാക്കണമെന്നും നർത്തകൻ എൻ.എസ്.ജോഹർ, പാചകവിദഗ്ധ റിതു ഡാൽമിയ, മാധ്യമപ്രവർത്തകൻ സുനിൽ മെഹ്റ തുടങ്ങിയവരുടെ ഹർജികളാണു കോടതി പരിഗണിക്കുന്നത്.

2009 ലാണ് ഡൽഹി ഹൈക്കോടതി പരസ്‌പര സമ്മതത്തോടെയുള്ള സ്വവര്‍ഗ രതി നിയമ വിധേയമാക്കിയത്. 377-ാം വകുപ്പു ഭരണഘടനാവിരുദ്ധമെന്നു ഡൽഹി ഹൈക്കോടതി 2009 ജൂലൈ രണ്ടിനു വിധിച്ചു. എന്നാൽ 377-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്നും അതു ശിക്ഷാ നിയമത്തിൽ നിലനിർത്തണമോയെന്നു പാർലമെന്റിനു തീരുമാനിക്കാമെന്നും 2013 ഡിസംബർ 11നു വിധിച്ചു. ഈ ഉത്തരവിനെതിരെ നല്‍കിയ പുനപരിശോധന ഹര്‍ജികളാണ് അഞ്ചംഗ ബെഞ്ച് പരിഗണിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook