scorecardresearch
Latest News

രാജ്യം മതേതരം; വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ സ്വമേധയാ നടപടിയെടുക്കൂ: 3 സംസ്ഥാനങ്ങളോട് സുപ്രീം കോടതി

വിവിധ മതവിഭാഗങ്ങള്‍ക്കു സൗഹാര്‍ദത്തോടെ ജീവിക്കാന്‍ സാധിക്കാത്തിടത്തോളം സാഹോദര്യം നിലനില്‍ക്കില്ലെന്നു കോടതി ചൂണ്ടിക്കാട്ടി

supreme court, poverty, nfsa, supreme court on hunger, sc on ensure foodgrains

ന്യൂഡല്‍ഹി: വിദ്വേഷ പ്രസംഗ കുറ്റകൃത്യങ്ങള്‍ക്കെതിരെ പരാതിക്കു കാത്തുനില്‍ക്കാതെ സ്വമേധയാ നടപടിയെടുക്കാന്‍ ഡല്‍ഹി, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് സര്‍ക്കാരുകളോട് സുപ്രീം കോടതി. ലൈവ് ലോ വെബ്‌സൈറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

തങ്ങളുടെ അധികാരപരിധിയില്‍ വിദ്വേഷ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരെ സ്വീകരിച്ച നടപടികളെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നു മൂന്ന് സര്‍ക്കാരുകളോടും ജസ്റ്റിസുമാരായ കെ എം ജോസഫും ഹൃഷികേശ് റോയിയും അടങ്ങുന്ന ബെഞ്ച് നിര്‍ദേശിച്ചു.

വിവിധ മതവിഭാഗങ്ങള്‍ക്കു സൗഹാര്‍ദത്തോടെ ജീവിക്കാന്‍ സാധിക്കാത്തിടത്തോളം സാഹോദര്യം നിലനില്‍ക്കില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. രാജ്യങ്ങള്‍ക്കു മുസ്ലിങ്ങള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ തടയാന്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു ബെഞ്ച്.

”ശാസ്ത്രീയ മനോഭാവം വളര്‍ത്തിയെടുക്കണമെന്ന് ഭരണഘടനയുടെ അനുച്‌ഛേദം 51 എ പറയുന്നു. മതത്തിന്റെ പേരില്‍ നമ്മള്‍ എവിടെ എത്തി? അത് ദാരുണമാണ്,” കോടതി പറഞ്ഞു. വളരെ ഗൗരവമുള്ള ഈ വിഷയത്തില്‍ ഭരണകൂടം നടപടിയെടുക്കുന്നതില്‍ കാലതാമസം വരുത്തുന്നതു കോടതിയലക്ഷ്യമാകുമെന്നു ബെഞ്ച് മുന്നറിയിപ്പ് നല്‍കി.

”ഒരു മതേതര രാഷ്ട്രവും പൗരന്മാര്‍ക്കിടയില്‍ സാഹോദര്യവും ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്നു. വ്യക്തിയുടെ അന്തസ് ഉറപ്പാക്കുകയും ചെയ്യുന്നു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഭരണഘടനയുടെ ആമുഖത്തില്‍ പ്രതിപാദിച്ചിരിക്കുന്ന മാര്‍ഗനിര്‍ദ്ദേശ തത്വങ്ങളിലൊന്നാണ്… വിവിധ ശിക്ഷാ വ്യവസ്ഥകള്‍ ഉണ്ടായിരുന്നിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ഭരണഘടനാ തത്വങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകതയും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. മൗലികാവകാശങ്ങള്‍ സംരക്ഷിക്കാനും നിയമവാഴ്ച നിലനിര്‍ത്തുന്ന ഭരണഘടനയെ സംരക്ഷിക്കാനും സേവിക്കാനും ഈ കോടതിക്ക് ബാധ്യതയുണ്ട്,” ബഞ്ച് പറഞ്ഞു.

ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍, ബി ജെ പിയുടെ എംപി പര്‍വേഷ് വര്‍മയുടെ ചില പ്രസ്താവനകള്‍ കോടതിയില്‍ വായിച്ചു. ഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിയില്‍ മുസ്ലീം കടയുടമകളെ പ്രോത്സാഹിപ്പിക്കരുതെന്ന് വര്‍മ ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.

ഇത്തരം സംഭവങ്ങളില്‍ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടും ഭരണകൂടമോ തല്‍സ്ഥിതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതല്ലാതെ സുപ്രീം കോടതിയോ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് സിബല്‍ ചൂണ്ടിക്കാട്ടി. നിശബ്ദത തീര്‍ച്ചയായും ഒരു ഉത്തരമല്ലെന്ന് അദ്ദേഹം പറഞ്ഞു.

നടുക്കം പ്രകടിപ്പിച്ച കോടതി, മുസ്ലിങ്ങളും വിദ്വേഷ പ്രസംഗങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടോയെന്നു ചോദിച്ചു. എന്നാല്‍, ‘അവര്‍ വേണമെങ്കില്‍ അവരെ ഒഴിവാക്കുമോ?’ എന്ന ചോദ്യമായിരുന്നു കപില്‍ സിബലിന്റെ മറുപടി.

പ്രസ്താവനകള്‍ തീര്‍ച്ചയായും അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും പ്രത്യേകിച്ചും ഇന്ത്യയെപ്പോലുള്ള ഒരു മത നിഷ്പക്ഷതയുള്ള ഒരു ജനാധിപത്യ രാജ്യത്തിനെന്നു ജസ്റ്റിസ് ഹൃഷികേശ് റോയ് പറഞ്ഞു. ഒരു സമുദായത്തിനെതിരായ പ്രസ്താവനകള്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും ആരെയെങ്കിലും ലക്ഷ്യം വയ്ക്കുന്ന സ്ഥാപനമായി സുപ്രീംകോടതിയെ കാണാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരുടെതായാലും ഇത്തരം പ്രസ്താവനകള്‍ അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.

വിദ്വേഷ കുറ്റകൃത്യങ്ങള്‍, പ്രസംഗങ്ങള്‍ തുടങ്ങിയ സംഭവങ്ങളില്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം ആരംഭിക്കാനും യു എ പി എയ്ക്കു നിയമങ്ങള്‍ക്കുമനുസരിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കു നിര്‍ദേശം നല്‍കാനും ആവശ്യപ്പെട്ടാണു ഹരജിക്കാരന്‍ സുപ്രീം കോടതിയെ സമീപിച്ചത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Sc hearing hate speeches muslim atrocities