ന്യൂഡല്‍ഹി: പൊലീസ് കസ്റ്റഡിയിലിരിക്കെ മുന്‍ എംപി അതിഖ് അഹമ്മദിന്റെയും സഹോദരന്‍ ഖാലിദ് അസിമിന്റെയും അഷ്റഫിന്റെയും കൊലപാതകത്തില്‍ സ്വതന്ത്രഅന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഏപ്രില്‍ 24 ന് സുപ്രീം കോടതി പരിഗണിക്കുമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച രാത്രി ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ വെച്ച് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് അതിഖ് അഹമ്മദും സഹോദരന്‍ അഷ്റഫ് അഹമ്മദും വെടിയേറ്റ് മരിച്ചത്. പൊലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷ മറികടന്നാണ് മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന മൂന്ന് പേര്‍ ഇരുവരെയും വെടിവെച്ച് കൊലപ്പെടുത്തിയത്.
വിഷയത്തില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടുള്ള അഭിഭാഷകന്‍ വിശാല്‍ തിവാരിയുടെ സബ്മിഷനുകള്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചു. 2017 മുതല്‍ ഉത്തര്‍പ്രദേശില്‍ നടന്ന 183 ഏറ്റുമുട്ടലുകളില്‍ അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
2017 മുതല്‍ നടന്ന 183 ഏറ്റുമുട്ടലുകളെ കുറിച്ച് അന്വേഷിക്കാന്‍ മുന്‍ സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ഒരു സ്വതന്ത്ര വിദഗ്ധ സമിതി രൂപീകരിച്ച് നിയമവാഴ്ച സംരക്ഷിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നിര്‍ദ്ദേശങ്ങളും പുറപ്പെടുവിക്കുക. ആതിഖിന്റെയും അഷ്റഫിന്റെയും പൊലീസ് കസ്റ്റഡിയിലിരിക്കെയുള്ള കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാനും ഉത്തരവിടുന്നു, ”പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
”പൊലീസിന്റെ ഇത്തരം നടപടികള്‍ ജനാധിപത്യത്തിനും നിയമവാഴ്ചയ്ക്കും കടുത്ത ഭീഷണിയാണ്, ഇത് ഒരു പൊലീസ് ഭരണകൂടത്തിലേക്ക് നയിക്കുന്നു, ആതിഖിന്റെ കൊലപാതകത്തെ പരാമര്‍ശിച്ച് ഹര്‍ജിയില്‍ പറയുന്നു. ”ഒരു ജനാധിപത്യ സമൂഹത്തില്‍, അന്തിമ നീതി നല്‍കാനുള്ള ഒരു മാര്‍ഗമായി മാറാനോ ശിക്ഷ അധികാരിയാകാനോ പൊലീസിനെ അനുവദിക്കാനാവില്ല. ശിക്ഷയുടെ അധികാരം ജുഡീഷ്യറിയില്‍ മാത്രമേ നിക്ഷിപ്തമായിട്ടുള്ളൂ, നിയമവിരുദ്ധ കൊലപാതകങ്ങള്‍ക്കോ വ്യാജ പൊലീസ് ഏറ്റുമുട്ടലുകള്‍ക്കോ നിയമത്തില്‍ സ്ഥാനമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.