ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജാമ്യം ലഭിച്ച സിദ്ദിഖ് കാപ്പന്‍ ആറ് ആഴ്ച ഡല്‍ഹിയില്‍ തുടരണം. ശേഷം കേരളത്തിലേക്ക് പോകമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്.
കേരളത്തിലേക്ക് പോകാന്‍ അനുവദിക്കരുതെന്ന പൊലീസിന്റെ ആവശ്യം തള്ളിയാണ് കോടതി ഉത്തരവ്. പോപ്പുലര്‍ ഫ്രണ്ടുമായി സിദ്ദിഖ് കാപ്പന് അടുത്ത ബന്ധമുണ്ടെന്ന് ചൂണ്ടിക്കാണിച്ച് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.
മഥുര കോടതിയും അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബഞ്ചും ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് സിദ്ദിഖ് കാപ്പന്റെ കുടുംബം സുപ്രീം കോടതിയെ സമീപിച്ചത്. മാധ്യമ പ്രവർത്തകൻ എന്നി നിലയില്‍ ജോലിയുമായി ബന്ധപ്പെട്ടാണ് ഹഥ്റസിലേക്ക് പോയതെന്ന് സിദ്ദിഖ് കാപ്പന്റെ വാദം നിലനില്‍ക്കില്ലെന്ന് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
2020 ഒക്ടോബര്‍ അഞ്ചിനായിരുന്നു സിദ്ദിഖ് കാപ്പന്‍ അറസ്റ്റിലായത്. ബലാത്സംഗത്തിനിരയായ ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ട ഉത്തര്‍ പ്രദേശിലെ ഹഥ്റസിലേക്കുള്ള യാത്രയ്ക്കിടെയാണ് സിദ്ദിഖ് കാപ്പന്‍ അറസ്റ്റിലായത്. സിദ്ദിഖ് കാപ്പനൊപ്പം പോപുലർ ഫ്രണ്ട് പ്രവർത്തകരായ അതീഖുർ റഹ്മാൻ, മസൂദ് അഹമ്മദ്, ഡ്രൈവർ ആലം എന്നിവരേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സിദ്ദിഖ് കാപ്പനെതിരെ 5,000 പേജുള്ള കുറ്റപത്രമായിരുന്നു ഉത്തര്‍ പ്രദേശ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. സിദ്ദിഖ് കാപ്പനെഴുതിയ ലേഖനങ്ങള്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്നും പൊലീസ് ആരോപിച്ചു. രാജ്യവ്യാപക പ്രതിഷേധത്തിന് കാരണമായി പൗരത്വ ഭേദഗതി നിയമത്തിനെതിരായ ലേഖനങ്ങളും ഇവയില്‍ ഉള്‍പ്പെടുന്നു. ഷഹീന്‍ ബാഗില്‍ നടന്ന പ്രതിഷേധത്തെ പൊലീസ് നേരിട്ട രീതിയേയും കാപ്പന്‍ ലേഖനത്തിലൂടെ വിമര്‍ശിച്ചിരുന്നു.