ന്യൂഡല്‍ഹി: ട്വീറ്റുകളിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശില്‍ റജിസ്റ്റര്‍ ചെയ്ത ആറ് കേസുകളിലും ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനു സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ട്വീറ്റുകള്‍ സംബന്ധിച്ച എല്ലാ കേസുകളും ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്ലിലേക്കു മാറ്റാന്‍ കോടതി ഉത്തരവിട്ടു.
പഴയ കേസില്‍ ജാമ്യം ലഭിച്ചയുടന്‍ പുതിയ കേസില്‍ റിമാന്‍ഡ് ചെയ്യുന്ന ദുഷിച്ച രീതിയെന്ന് വിശേഷിപ്പിച്ച കോടതി, അടുത്ത വാദം കേള്‍ക്കല്‍ വരെ മുഹമ്മദ് സുബൈറിനെതിരെ ഒരു നടപടിയും സ്വീകരിക്കരുതെന്ന് തിങ്കളാഴ്ച ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.
സുബൈറിനെ 14 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് പൊലീസ് ഹത്രസിലെ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതില്‍ ഉത്തരവ് പുറപ്പെടുവിക്കാനിരിക്കെയാണു സുബൈറിന്റെ അഭിഭാഷക വൃന്ദ ഗ്രോവര്‍ ഇടക്കാലാശ്വാസത്തിനായി സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. ഹത്രാസ് കോടതി 15നു സുബൈറിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. തുടര്‍ന്ന് ഡല്‍ഹിയിലെ തിഹാര്‍ ജയിലിലേക്കു മാറ്റി.
ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കണമെന്നു 18നു രണ്ടുതവണ വൃന്ദ ഗ്രോവര്‍ അഭ്യര്‍ഥിച്ചിരുന്നു. ആദ്യം ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ചിനു മുമ്പാകെയും പിന്നീട് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിനു മുമ്പാകെയുമായിരുന്നു ഇത്. ഇടക്കാല ആശ്വാസം അനുവദിച്ച ജസ്റ്റിസുമാരായ ചന്ദ്രചൂഡ്, എ എസ് ബൊപ്പണ്ണ എന്നിവരുടെ ബെഞ്ച് കേസ് ഇന്നത്തേക്കു മാറ്റുകയായിരുന്നു.
ഹത്രാസ് ജില്ലയില്‍ രണ്ടും സിതാപൂര്‍, ലഖിംപൂര്‍ ഖേരി, ഗാസിയാബാദ്, മുസാഫര്‍നഗര്‍ എന്നിവിടങ്ങളില്‍ ഓരോ കേസാണു യു പി പൊലീസ് റജിസ്റ്റര്‍ ചെയ്തത്. ഈ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിനു കഴിഞ്ഞദിവസം രൂപം നല്‍കിയിരുന്നു.
മതവികാരം വ്രണപ്പെടുത്തുകയും ശത്രുത വളര്‍ത്തുകയും ചെയ്‌തെന്ന് ആരോപിച്ച് ജൂണ്‍ 27നാണു സുബൈര്‍ ആദ്യം അറസ്റ്റിലായത്. ഡല്‍ഹിയിലെ ഈ കേസില്‍ 15നു ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചിരുന്നു. 50,000 രൂപയുടെ ബോണ്ടിലാണു പട്യാല ഹൗസ് കോടതി അഡീഷണല്‍ സെഷന്‍സ് ജഡ്ജി ദേവേന്ദര്‍ കുമാര്‍ ജംഗല ജാമ്യം അനുവദിച്ചത്. കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.