/indian-express-malayalam/media/media_files/uploads/2022/12/Supreme-Court-SC.jpg)
ന്യൂഡല്‍ഹി: ഗുജറാത്തിലെ ഗോധ്രയില്‍ 2002-ലെ ട്രെയിന്‍ കോച്ചിനു തീവച്ച കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന പ്രതി ഫാറൂക്കിനു സുപ്രീം കോടതി ജാമ്യം അനുവദിച്ചു. 17 വര്‍ഷമായി ജയിലില്‍ കഴിയുകയാണെന്നു ചൂണ്ടിക്കാട്ടിയാണു കോടതി ഉത്തരവ്.
ഇതുവരെയുള്ള ശിക്ഷാ കാലയളവ് പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നു ഫാറൂക്കിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് പി എസ് നരസിംഹവും അടങ്ങുന്ന ബെഞ്ചിന്റെ ശ്രദ്ധയില്‍പ്പെടുത്തി.
കേസില്‍ ശിക്ഷിച്ചതിനെതിരായ നിരവധി പ്രതികളുടെ അപ്പീലുകള്‍ സുപ്രീം കോടതിയില്‍ തീര്‍പ്പാകാതെ കിടക്കുകയാണ്.
സ്ത്രീകളും കുട്ടികളുമടക്കം 59 പേരെ ജീവനോടെ ചുട്ടുകൊന്നത് ഏറ്റവും ഹീനമായ കുറ്റകൃത്യമാണെന്നും കുറ്റവാളികളുടെ അപ്പീല്‍ എത്രയും വേഗം കേള്‍ക്കേണ്ടതുണ്ടെന്നും ഗുജറാത്ത് സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു.
കത്തിച്ച സബര്‍മതി എക്സ്പ്രസിന്റെ കോച്ചിനുനേരെ കല്ലെറിഞ്ഞതിനാണു ഫറൂക്കിനൊപ്പം മറ്റു പലരെയും ശിക്ഷിച്ചത്.
''സാധാരണഗതിയില്‍, കല്ലെറിയല്‍ നിസാര സ്വഭാവത്തിലുള്ള കുറ്റമാണ്. എന്നാല്‍ ഈ കേസില്‍, ട്രെയിന്‍ കോച്ച് പൂട്ടുകയും യാത്രക്കാര്‍ പുറത്തിറങ്ങാതിരിക്കാന്‍ കല്ലെറിയുകയും ചെയ്തു. അഗ്‌നിശമന സേനയ്ക്കു നേരെയും കല്ലെറിഞ്ഞു,'' തുഷാര്‍ മേത്ത പറഞ്ഞു.
2002 ഫെബ്രുവരി 27നു ഗോധ്രയില്‍ സബര്‍മതി എക്സ്പ്രസിന്റെ എസ്-6 കോച്ചിനു തീവച്ചതിനെത്തുടര്‍ന്നു 59 പേരാണു കൊല്ലപ്പെട്ടത്. ഇതു ഗുജറാത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ട കലാപത്തിനു കാരണമായി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.