ന്യൂഡല്‍ഹി: ഭീമ കൊറേഗാവ് അക്രമക്കേസില്‍ ആക്ടിവിസ്റ്റ് ഗൗതം നവ്ലാഖയെ വീട്ടുതടങ്കലിലേക്കു മാറ്റാനുള്ള ഉത്തരവ് പുനപ്പരിശോധിക്കണമെന്ന ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ)യുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. നവ്ലാഖയെ നവി മുംബൈയിലെ തലോജ ജയിലില്‍നിന്ന് 24 മണിക്കൂറിനുള്ളില്‍ വീട്ടുതടങ്കലിലേക്കു മാറ്റണമെന്നു കോടതി നിര്‍ദേശിച്ചു.
”അനുച്‌ഛേദം 14 എല്ലാവരും തുല്യരാണെന്ന് പറയുന്നുണ്ടെങ്കിലും ചിലര്‍ അതിനും മുകളലിലാണെന്ന സന്ദേശമാണു പുറത്തുവരുന്നത്,”നവ്ലാഖയുടെ വീട്ടുതടങ്കല്‍ ഉത്തരവ് ഉടന്‍ പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.
അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു ഉള്‍പ്പെടുത്താന്‍ നിര്‍ദേശിക്കുന്ന എല്ലാ വ്യവസ്ഥകളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ആ അര്‍ത്ഥത്തില്‍ ഇത് അംഗീകരിക്കപ്പെട്ട ഉത്തരവാണെന്നും വീട്ടുതടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ച ബെഞ്ച് അധ്യക്ഷനായ ജസ്റ്റിസ് കെ എം ജോസഫ് പറഞ്ഞു. എന്നാല്‍ ഇത് അംഗീകരിക്കപ്പെട്ട ഉത്തരവല്ലെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.
നവ്ലാഖയെ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കുന്നതിനു കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും സുപ്രീം കോടതി ഉത്തരവിട്ടതായി വാര്‍്ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു.
ഗൗതം നവ്ലാഖയെ വീട്ടുതടങ്കലിലേക്കു മാറ്റാന്‍ നവംബര്‍ 10നാണു സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാല്‍ അദ്ദേഹത്തെ ഇതുവരെയു തലോജ ജയിലില്‍ നിന്ന് മാറ്റിയിട്ടില്ല.
യു എ പി എ പ്രകാരമുള്ള കുറ്റാരോപണം നേരിടുന്ന നവ്ലാഖ, തന്റെ സഹോദരി മൃദുല കോത്താരിക്കൊപ്പം മുംബൈയില്‍ താമസിക്കുമെന്ന് ആദ്യം കോടതിയെ അറിയിച്ചത. എന്നാല്‍ നവ്ലാഖ സമര്‍പ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഒപ്പിട്ട ഡോക്ടര്‍മാരില്‍ ഒരാള്‍ മൃദുലയുടെ ഭര്‍ത്താവും ജസ്ലോക് ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടറുമായ എസ് കോത്താരിയാണെന്ന് എന്‍ ഐ എ അറിയിച്ചു. ഇതേത്തുടര്‍ന്ന് തന്റെ പങ്കാളിയായ സഹ്ബ ഹുസൈനൊപ്പം താമസിക്കുമെന്നു നവ്ലാഖ പറഞ്ഞത് കോടതി അംഗീകരിക്കുകയായിരുന്നു.
ആരോഗ്യസ്ഥിതി കണക്കിലെടുത്ത് വീട്ടുതടങ്കലില്‍ കഴിയാന്‍ അനുവദിക്കമെന്നായിരുന്നു നവ്ലാഖയുടെ ആവശ്യം. കോടതിയില്‍ നേരത്തെ നല്‍കിയ വിലാസത്തില്‍ മുംബൈയില്‍ തുടരാന്‍ നിര്‍ദേശിച്ചു. അദ്ദേഹത്തെ അവിടേക്ക് മാറ്റുന്നതിനു മുമ്പ് ഈ സ്ഥിലം വിലയിരുത്താന്‍ കോടതി എന്‍ ഐ എയെ അനുവദിച്ചു. സിസി ടിവി നിരീക്ഷണം, ഫോണ്‍ ഉപയോഗത്തിലെ നിയന്ത്രണങ്ങള്‍, ഇന്റര്‍നെറ്റ് ഉപയോഗം പാടില്ല എന്നിവ ഉള്‍പ്പെടെയുള്ള നിബന്ധനകളോടെയായിരുന്നു കോടതി നവ്ലാഖയുടെ ആവശ്യം അംഗീകരിച്ചത്.