ന്യൂഡൽഹി: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർത്ഥികളുടെ വിവരങ്ങൾ പരസ്യപ്പെടുത്താത്തതിന് ബിജെപി, കോൺഗ്രസ്സ്, സിപിഎം ഉൾപ്പടെ എട്ട് രാഷ്ട്രീയ പാർട്ടികൾക്ക് സുപ്രീം കോടതി പിഴ ചുമത്തിയതായി ബാർ ആൻഡ് ബെഞ്ച് റിപ്പോർട്ട്. സ്ഥാനാർത്ഥികളുടെ കേസ് വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റുകളിൽ നൽകണമെന്ന കോടതി ഉത്തരവ് പാലിക്കാത്തതിനാണ് രാഷ്ട്രീയ പാർട്ടികൾക്ക് സുപ്രീം കോടതി ഇന്ന് പിഴ ചുമത്തിയത്.
ക്രിമിനൽ കേസുകളുള്ള സ്ഥാനാർത്ഥികളുടെ വിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെയും പത്രവാർത്തകളിലൂടെയും പരസ്യപ്പെടുത്താനും കോടതി പാർട്ടികൾക്ക് നിർദേശം നൽകി.
റിപ്പോർട്ട് അനുസരിച്ച്, ബിജെപി, കോൺഗ്രസ്, രാഷ്ട്രീയ ജനതാദൾ (ആർജെഡി), ജനതാദൾ യുണൈറ്റഡ്, സിപിഐ, ലോക് ജൻശക്തി എന്നീ ആറ് പാർട്ടികൾക്ക് ഉത്തരവ് ഭാഗികമായി പാലിക്കാത്തതിന് ഒരു ലക്ഷം രൂപയും ഉത്തരവ് പൂർണമായി പാലിക്കാതിരുന്ന സിപിഎം, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) എന്നിവയ്ക്ക് അഞ്ചു ലക്ഷം രൂപ വീതവുമാണ് പിഴ ചുമത്തിയത്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികൾക്കെതിരെയുള്ള ക്രിമിനൽ കേസുകളുടെ വിശദാംശങ്ങൾ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. ക്രിമിനൽ കേസുകളുള്ള സ്ഥാനാർത്ഥികളെ നിർത്താനുള്ള കാരണവും വെബ്‌സൈറ്റിൽ നൽകണമെന്നും കോടതി പറഞ്ഞിരുന്നു.
Also read: സമൂഹ മാധ്യമങ്ങളിലെ സംവാദങ്ങളില്‍ നിന്ന് കക്ഷികള്‍ വിട്ടു നില്‍ക്കണം; പെഗാസസില്‍ സുപ്രീം കോടതി
ക്രിമിനൽ കേസുകളുള്ള അപേക്ഷകരെ തിരഞ്ഞെടുക്കാനുള്ള കാരണങ്ങൾ യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉള്ളതാണെങ്കിൽ ന്യായീകരിക്കാവുന്നതാണെന്നും വിജയസാധ്യതയെ മാത്രം അടിസ്ഥാനമാക്കി മാത്രം ആകരുതെന്നും ജസ്റ്റിസ് റോഹിന്റൺ നരിമാൻ അധ്യക്ഷനായ ബെഞ്ച് പറഞ്ഞിരുന്നു.
2018 സെപ്റ്റംബറിലെ വിധിയിൽ ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർത്ഥികളുടെ വിവരങ്ങൾ പരസ്യപ്പെടുത്തുന്നതിന് സുപ്രീം കോടതി നൽകിയ നിർദ്ദേശങ്ങൾ പാലിച്ചില്ല എന്ന് കാണിച്ചു നൽകിയ കോടതി അലക്ഷ്യ ഹർജിയിലാണ് കോടതി ഇന്ന് ഉത്തരവിട്ടത്.