ന്യൂഡല്‍ഹി: ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പി എഫ് പെന്‍ഷന്‍ നല്‍കണമെന്ന കേരള ഹൈക്കോടതി വിധി ഭാഗികമായി ശരിവച്ച് സുപ്രീം കോടതി. പെന്‍ഷന്‍ ലഭിക്കുന്നതിനായി 15,000 രൂപ മേല്‍പരിധി ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് കോടതി റദ്ദാക്കി.
1.6 ശതമാനം അധിക വിഹിതം തൊഴിലാളികള്‍ നല്‍കണമെന്ന ഭേദഗതിയും കോടതി റദ്ദാക്കി. 60 മാസത്തെ ശരാശരിയില്‍ പെന്‍ഷന്‍ കണക്കാക്കാനും കോടതി അനുമതി നല്‍കിയിട്ടുണ്ട്. പുതിയ പെന്‍ഷന്‍ പദ്ധതിയിലേക്ക് മാറുന്നതിനായി ആറ് മാസത്തെ സമയവും കോടതി അനുവദിച്ചിട്ടുണ്ടെന്ന് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.
കേന്ദ്രത്തിന്റെ വിജ്ഞാപനം വന്ന 2014 സെപ്തംബര്‍ ഒന്നിനു മുൻപ് ഉയര്‍ന്ന പെന്‍ഷന് ഓപ്ഷന്‍ നല്‍കാതെ വിരമിച്ചവര്‍ക്ക് ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കില്ല. വിരമിക്കുന്നതിനു മുൻപുള്ള 60 മാസത്തെ ശരാശരി ശമ്പളമായിരിക്കും പെന്‍ഷന്‍ നിശ്ചയിക്കുന്നതിന് കണക്കാക്കുക.
ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷൻ നൽകണമെന്ന ഹൈക്കോടതി വിധികൾക്കെതിരെ നൽകിയ ഹർജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. എംപ്ലോയ്‌മെന്റ് പെൻഷൻ സ്‌കീമിൽ 2014 ൽ കേന്ദ്ര സർക്കാർ കൊണ്ട് വന്ന ഭേദഗതിയുമായി ബന്ധപ്പെട്ടാണ് കേസ്. ഈ ഭേദഗതി നിയമത്തിലെ സുപ്രധാന വ്യവസ്ഥകൾ 2018-ൽ കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു.
കേരള ഹൈക്കോടതിക്ക് പുറമെ ദില്ലി, രാജസ്ഥാൻ ഹൈക്കോടതികളും ഭേദഗതിയിലെ ചില വ്യവസ്ഥകൾക്ക് എതിരെ ഉത്തരവ് ഇറക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് കേന്ദ്ര സർക്കാരും, എംപ്ലോയ്‌മെന്റ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും നൽകിയ ഹർജികളിലാണ് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത്.