scorecardresearch
Latest News

നീറ്റ് പി ജി പരീക്ഷയില്‍ മാറ്റമില്ല; ഹര്‍ജി തള്ളി സുപ്രീം കോടതി

പരീക്ഷ ഏപ്രില്‍, മെയ് മാസത്തിലേക്ക് മാറ്റണമെന്നായിരുന്നു ഡോക്ടര്‍മാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്

supreme court, poverty, nfsa, supreme court on hunger, sc on ensure foodgrains

ന്യൂഡല്‍ഹി: നീറ്റ് ബിരുദാനന്തര ബിരുദ പരീക്ഷ മാറ്റിവെക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. മാര്‍ച്ച് അഞ്ചിന് നടത്താന്‍ നിശ്ചയിച്ച പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. നീറ്റ് പ്രവേശന പരീക്ഷ ഏപ്രില്‍, മെയ് മാസത്തിലേക്ക് മാറ്റണമെന്നായിരുന്നു 17 ഡോക്ടര്‍മാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ടും ദീപാങ്കര്‍ ദത്തയും അടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് (എന്‍ബിഇ) സംസ്ഥാന മെഡിക്കല്‍ സംവിധാനങ്ങളോട് മുന്‍കൂട്ടി ആലോചിക്കാതെ രണ്ട് തവണ യോഗ്യതാ മാനദണ്ഡം പരിഷ്‌കരിച്ചെന്നും അതിനാല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയതിന് ശേഷം തയ്യാറെടുക്കാന്‍ മതിയായ സമയം ലഭിച്ചില്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചിരുന്നു. അതേസമയം 2,09,029 ഉദ്യോഗാര്‍ഥികള്‍ പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുണ്ടെന്നും അവരില്‍ ഭൂരിഭാഗവും യാത്രയ്ക്ക് സൗകര്യമൊരുക്കിയിട്ടുണ്ടെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍(എഎസ്ജി) ഐശ്വര്യ ഭാട്ടി പറഞ്ഞു. അവരുടെ അഡ്മിറ്റ് കാര്‍ഡുകള്‍ തിങ്കളാഴ്ച (ഫെബ്രുവരി 27) വിതരണം ചെയ്യാന്‍ ക്രമീകരിച്ചിട്ടുണ്ട്, ഈ ഘട്ടത്തില്‍ പരീക്ഷ മാറ്റിവയ്ക്കുന്നത് അസൗകര്യങ്ങള്‍ ഉണ്ടാക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. അപേക്ഷകരില്‍ 10 പേര്‍ കഴിഞ്ഞ വര്‍ഷമോ അതിനുമുമ്പോ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും അതിനാല്‍ അവര്‍ക്ക് തയ്യാറെടുക്കാന്‍ കുറച്ച് സമയമേ ലഭിച്ചുള്ളുവെന്ന് പറയാനാവില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

2023-24 സെഷനിലേക്കുള്ള കൗണ്‍സിലിംഗ് 2023 ജൂലൈ 15 മുതല്‍ ആരംഭിക്കുമെന്നും അതിനാല്‍ പങ്കെടുക്കുന്ന 98 ശതമാനം ഡോക്ടര്‍മാരും നീറ്റ് പിജി (2023-24) യുടെ കൗണ്‍സിലിംഗ് ആരംഭിക്കുമ്പോഴേക്കും ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കുമെന്നും എഎസ്ജി പറഞ്ഞു. എന്നാല്‍, ഓഗസ്റ്റ് 11ന് ശേഷം നീറ്റ് പിജി പൂര്‍ത്തിയാക്കുന്നവരെ കൗണ്‍സിലിംഗ് ചെയ്യാന്‍ പോകുന്നത് യുക്തിസഹമല്ലെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണന്‍ പറഞ്ഞു. എന്നാല്‍ ജൂലായ് 15ന് ശേഷം ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കി കൗണ്‍സിലിംഗ് പ്രക്രിയയില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ളവരെ കൗണ്‍സിലിങ്ങില്‍ പങ്കെടുക്കാന്‍ താല്‍ക്കാലികമായി അനുവദിക്കുമെന്നും കേസ് അനുസരിച്ച് കൈകാര്യം ചെയ്യുമെന്നും കേന്ദ്രം പറഞ്ഞതായി കോടതി ചൂണ്ടിക്കാട്ടി.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Sc entertain seeking postponement neet pg exam