ന്യൂഡല്‍ഹി: ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസായി ചുമതലയേറ്റ ശേഷം അതിവേഗം കേസുകള്‍ തീര്‍പ്പാക്കി സുപ്രീംകോടതി. ഒരു മാസത്തിനുള്ളില്‍ 1,163 ജാമ്യാപേക്ഷകള്‍ ഉള്‍പ്പെടെ ആകെ 6,844 കേസുകളാണ് സുപ്രീം കോടതി തീര്‍പ്പാക്കിയത്. ഡി വൈ ചന്ദ്രചൂഡ് ചുമതലയേറ്റ 2022 നവംബര്‍ 9 മുതല്‍ 2022 ഡിസംബര്‍ 16 വരെ ഉള്ള കണക്കുകള്‍ പ്രകാരം 5,898 കേസുകളാണ് ഫയല്‍ ചെയ്തത്
നവംബര്‍ 9-ന് ഏറ്റവും കൂടുതല്‍ കേസുകള്‍(277) ഫയല്‍ ചെയ്തപ്പോള്‍ ഡിസംബര്‍ 12-ന് ഏറ്റവും കൂടുതല്‍(384) കേസുകള്‍ തീര്‍പ്പാക്കി. ജാമ്യത്തിനും മറ്റ് കാര്യങ്ങള്‍ക്കുമപ്പുറം വിവാഹ തര്‍ക്കങ്ങള്‍ മൂലമുണ്ടായ 1,353 കൈമാറ്റ ഹര്‍ജികളും ഇക്കാലയളവില്‍ കോടതി തീര്‍പ്പാക്കി. കേസുകളുടെ തീര്‍പ്പ് കല്‍പ്പിക്കുന്നത് വൈകുന്നത് കുറയ്ക്കുന്നതിനായി എല്ലാ ദിവസവും 10 കൈമാറ്റ ഹര്‍ജികളും 10 ജാമ്യാപേക്ഷകളും കോടതിയുടെ എല്ലാ ബെഞ്ചുകളും പരിഗണിക്കുമെന്ന് നവംബറില്‍ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പ്രഖ്യാപിച്ചിരുന്നു. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള എല്ലാ ട്രാന്‍സ്ഫര്‍ ഹര്‍ജികളും ശൈത്യകാല അവധിക്ക് മുമ്പ് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൈമാറ്റ ഹര്‍ജികള്‍ക്ക് ശേഷം, വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉള്‍പ്പെടുന്നതിനാല്‍ എല്ലാ ബെഞ്ചുകളും 10 ജാമ്യാപേക്ഷകള്‍ പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.
”ജാമ്യ കാര്യങ്ങള്‍ക്ക് ഞങ്ങള്‍ മുന്‍ഗണന നല്‍കുമെന്നും ഞാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതിനാല്‍, െ്രകെമാറ്റ ഹര്‍ജികള്‍ക്ക് ശേഷം ഓരോ ദിവസവും 10 ജാമ്യാപേക്ഷകള്‍ പരിഗണിക്കേണ്ടതുണ്ട്, കാരണം അത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ പ്രശ്നമാണ്. കുടുംബ പ്രശ്നങ്ങളായതിനാല്‍ പത്ത് കൈമാറ്റ ഹര്‍ജികളും തുടര്‍ന്ന് എല്ലാ ബെഞ്ചുകളിലുമായി 10 ജാമ്യാപേക്ഷകളും. അതിനുശേഷം ഞങ്ങള്‍ പതിവ് ജോലികള്‍ ആരംഭിക്കും, ”അദ്ദേഹം പറഞ്ഞു.
ഡിസംബര്‍ 14ന് രാജ്യസഭയില്‍ സംസാരിച്ച കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു സുപ്രീം കോടതിയില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നതായും സുപ്രധാന കേസുകള്‍ മാത്രം സുപ്രിംകോടതി ഏറ്റെടുക്കാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.സുപ്രീം കോടതി ജാമ്യാപേക്ഷകളും നിസ്സാരമായ പൊതുതാല്പര്യ ഹര്‍ജികളും കേള്‍ക്കാന്‍ തുടങ്ങിയാല്‍ അത് അധിക ബാധ്യതയാകുമെന്നും നിയമമന്തി പറഞ്ഞിരുന്നു. എന്നാല്‍ , ഡിസംബര്‍ 16-ലെ ഉത്തരവില്‍, ‘വ്യക്തിസ്വാതന്ത്ര്യത്തിനുള്ള അവകാശം ഭരണഘടന അംഗീകരിച്ച അമൂല്യവും അനിഷേധ്യവുമായ അവകാശമാണെന്നും’ ഇക്കാര്യത്തില്‍ ഇടപെടലുണ്ടായില്ലെങ്കില്‍ ‘ഗുരുതരമായ നീതിനിഷേധത്തിന്’ കാരണമാകുമെന്നാണ് കോടതി പറഞ്ഞത്.