ന്യൂഡൽഹി: കൊറോണ വൈറസ് പകർച്ചവ്യാധി മൂലം ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസുമാരായ ആർ എസ് റെഡ്ഡി, എം ആർ ഷാ എന്നിവരടങ്ങിയ ബെഞ്ച് തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷന് വിട്ടുകൊടുത്തു.

സംസ്ഥാനം കോവിഡ് -19 വിമുക്തമാകുന്നതുവരെ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് അവിനാശ് ഠാക്കൂർ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. നവംബർ മാസത്തിലാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

Also Read: UGC Exam Guidelines 2020: സർവകലാശാലകളിൽ അവസാന വർഷ പരീക്ഷ നിർബന്ധമായും നടത്തണമെന്ന് സുപ്രീംകോടതി

പീപ്പിൾ റെപ്രസന്റേഷൻ ആക്റ്റ് പ്രകാരം അസാധാരണമായ സാഹചര്യങ്ങളിൽ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ സാധിക്കുമെന്ന് ഹർജിക്കാരൻ വാദിച്ചിരുന്നു. എന്നാൽ ഇത് മാറ്റിവയ്ക്കാനുള്ള കാരണമല്ലെന്ന് സുപ്രീംകോടതി പറഞ്ഞു.

എന്താണ് ചെയ്യേണ്ടതെന്ന് ചീഫ് ഇലക്ഷൻ കമ്മീഷണറോട് ​നിർദേശിക്കാൻ കോടതിക്ക് കഴിയില്ല. എല്ലാം സാഹചര്യങ്ങളും ചീഫ് ഇലക്ഷൻ കമ്മീഷണർ പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

ഇലക്ഷൻ കമ്മിഷൻ ഇതുവരെ തിരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ നിവേദനം അകാലമാണെന്നും സുപ്രീംകോടതി പറഞ്ഞു. മഹാമാരിയുടെ സമയത്ത് തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പോൾ ബോഡി പ്രഖ്യാപിച്ചിട്ടുണ്ട്.

പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന സമയത്ത് രണ്ട് പേർക്ക് മാത്രമേ ഒരു സ്ഥാനാർത്ഥിയ്‌ക്കൊപ്പം വരാൻ കഴിയൂ. ഒരു വോട്ടർ, വോട്ടിംഗ് ദിവസം, വൈറസിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുവെങ്കിൽ, വ്യക്തിക്ക് ഒരു ടോക്കൺ നൽകുകയും പോളിങ്ങിന്റെ അവസാന മണിക്കൂറിൽ മടങ്ങിവരാൻ ആവശ്യപ്പെടുകയും ചെയ്യും.

രജിസ്റ്ററിൽ ഒപ്പിടുകയും ഇവിഎം ബട്ടൺ അമർത്തുകയും ചെയ്യുമ്പോൾ വോട്ടർമാർക്ക് കൈയ്യുറകൾ നൽകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook