ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയെ തുടർന്ന് സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാഫീസ് ഒഴിവാക്കണമെന്ന പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി. കോവിഡ്-19 നെ തുടർന്ന് മാതാപിതാക്കൾക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടായെന്നും അതിനാൽ ഈ വർഷത്തെ പരീക്ഷാഫീസ് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. ജസ്റ്റിസുമാരായ അശോക് ഭൂഷൺ, ആർ.സുഭാഷ് റെഡ്ഡി, എം.ആർ.ഷാ എന്നിവരടങ്ങുന്ന ബഞ്ചാണ് ഹർജി തള്ളിയത്.
Read Also: മധ്യപ്രദേശ് നിയമസഭയിൽ ‘ലവ് ജിഹാദ്’ ബിൽ ഉടൻ; നിയമലംഘകർക്ക് അഞ്ച് വർഷം തടവ്
ഫീസ് ഒഴിവാക്കണമെന്ന ആവശ്യവുമായി അധികൃതരെ സമീപിക്കാൻ ഹർജിക്കാർക്ക് കോടതി നിർദേശം നൽകി. ഡൽഹി സർക്കാരിനോട് ഫീസ് ഒഴിവാക്കാൻ കോടതിക്ക് എങ്ങനെ നിർദേശിക്കാൻ സാധിക്കുമെന്നും ബഞ്ച് ഹർജിക്കാരോട് ചോദിച്ചു. പരീക്ഷാ ഫീസ് ഒഴിവാക്കണമെന്ന ഹർജിയുമായി സെപ്റ്റംബർ 28ന് സോഷ്യൽ ജൂറിസ്റ്റ് എന്ന എൻജിഒ ആണ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഡൽഹി സർക്കാരിനോടും സിബിഎസ്ഇയോടും തീരുമാനമെടുക്കാൻ ഉത്തരവിടുകയായിരുന്നു ഹൈക്കോടതി. ഇതിനെതിരെയാണ് ഇവർ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്.