ന്യൂഡല്‍ഹി: കൊളീജിയം യോഗത്തിന്റെ വിശദാംശങ്ങൾ വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. 2018 ഡിസംബർ 12-ന് നടന്ന യോഗത്തിന്റെ വിശദാംശങ്ങളാണ് ഹര്ജിക്കാരന് തേടിയത്.
എല്ലാ കൊളീജിയം അംഗങ്ങളും ഒപ്പിട്ട പ്രമേയങ്ങളിൽ മാത്രമേ അന്തിമ തീരുമാനമാകൂവെന്ന് ജസ്റ്റിസുമാരായ എം ആർ ഷാ, സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. അംഗങ്ങൾ തമ്മിലുള്ള ചർച്ചയ്ക്കും കൂടിയാലോചനയ്ക്കും ശേഷം എടുക്കുന്ന താൽക്കാലിക പ്രമേയങ്ങൾ എല്ലാവരും ഒപ്പിട്ടില്ലെങ്കിൽ അന്തിമമെന്ന് പറയാനാവില്ലെന്നും കോടതി വ്യക്തമാക്കി.
ചര്‍ച്ച ചെയ്യുന്ന കാര്യങ്ങള്‍ പൊതുമധ്യത്തില്‍ ഉണ്ടാവേണ്ടതില്ലെന്നും അന്തിമ തീരുമാനം മാത്രമേ നല്‍കേണ്ടതുള്ളൂവെന്നും കോടതി പറഞ്ഞു.
വിവരാവകാശ പ്രവർത്തക അഞ്ജലി ഭരദ്വാജ് നൽകിയ ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. ഡിസംബർ 12-ന് നടന്ന സുപ്രീം കോടതി കൊളീജിയം യോഗത്തിന്റെ അജൻഡ ആവശ്യപ്പെട്ടുള്ള അഞ്ജലിയുടെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
2018 ൽ സുപ്രീം കോടതി കൊളീജിയത്തിന്റെ ഭാഗമായിരുന്ന മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എം ബി ലോകൂർ ആ വർഷം ഡിസംബർ 12-ന് കൊളീജിയം യോഗത്തിൽ എടുത്ത തീരുമാനങ്ങൾ സുപ്രീം കോടതിയുടെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യേണ്ടതായിരുന്നുവെന്ന് പറഞ്ഞിരുന്നതായി അഞ്ജലിയുടെ അഭിഭാഷകന് പ്രശാന്ത് ഭൂഷന് ചൂണ്ടിക്കാണിച്ചു.
2018 ഡിസംബർ 12-ന് അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിൽ ജസ്റ്റിസുമാരായ ലോകൂർ, എ കെ സിക്രി, എസ് എ ബോബ്ഡെ, എൻ വി രമണ എന്നിവരടങ്ങുന്ന കൊളീജിയം സുപ്രീം കോടതിയിലെ ജഡ്ജിമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ചില തീരുമാനങ്ങൾ എടുത്തിരുന്നു. ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും ജഡ്ജിമാരുടെയും സ്ഥലംമാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലായിരുന്നു തീരുമാനം. എന്നാല്‍ ആ വിവരങ്ങളൊന്നും വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടില്ല.
പിന്നീട് 2019 ജനുവരി 10-ന്, ജസ്റ്റിസ് ലോകൂർ വിരമിച്ചതിനെത്തുടർന്ന് കൊളീജിയത്തിന്റെ കോമ്പിനേഷനില്‍ മാറ്റം വന്നു. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, സഞ്ജീവ് ഖന്ന എന്നിവരുടെ പേരുകള്‍ കേന്ദ്രത്തിന് ശുപാർശ ചെയ്യാൻ മറ്റൊരു തീരുമാനം എടുക്കുകയും ചെയ്തു.
ജനുവരി 10-ന് നടന്ന യോഗത്തില്‍ നേരത്തെയെടുത്ത നിര്‍ദേശങ്ങളെല്ലാം പുനപ്പരിശോധിക്കാന്‍ കൊളീജിയം തീരുമാനിക്കുകയായിരുന്നു. 2018-ലെ യോഗവുമായി ബന്ധപ്പെട്ട മൂന്നു രേഖകൾ മാത്രമാണു ഹർജിക്കാരൻ ആവശ്യപ്പെടുന്നതെന്ന് സംഭവവികാസങ്ങള്‍ വിവരിച്ച ശേഷം പ്രശാന്ത് ഭൂഷന് ബഞ്ചിനോട് അഭ്യര്‍ത്ഥിച്ചു.