ന്യൂഡല്‍ഹി: സിബിഎസ്ഇ, ഐസിഎസ്ഇ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗ് (എൻഐഒഎസ്) എന്നീ ബോര്‍ഡുകളുടെ 10, 12 ക്ലാസുകളിലെ ഓഫ്ലൈൻ പരീക്ഷകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. ഇത്തരം ഹർജികൾ എല്ലായിടത്തും തെറ്റായ പ്രതീക്ഷയും ആശയക്കുഴപ്പവും സൃഷ്ടിക്കുമെന്ന് ജസ്റ്റിസ് എ. എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
“ഇത് തെറ്റായ പ്രതീക്ഷകൾ മാത്രമല്ല, തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. വിദ്യാര്‍ഥികള്‍ അവരുടെ ജോലി ചെയ്യട്ടെ, അധികൃതരെ അവരുടെ ജോലി ചെയ്യാനും അനുവദിക്കുക,” ജസ്റ്റിസുമാരായ ദിനേഷ് മഹേശ്വരിയും സി. ടി. രവികുമാറും അടങ്ങുന്ന ബെഞ്ച് പറഞ്ഞു.
സ്റ്റുഡന്റ്സ് യൂണിയന് ഓഫ് ഒഡീഷയ്ക്കൊപ്പം അഭിഭാഷകയും ബാലാവകാശ പ്രവർത്തകയുമായ അനുഭ ശ്രീവാസ്തവ സഹായിയാണ് ഹര്‍ജി സമപര്പ്പിച്ചത്. 10, 12 ക്ലാസുകളിലെ പരീക്ഷകൾ നടത്താനുള്ള സിബിഎസ്ഇയുടേയും മറ്റ് ബോര്‍ഡുകളുടേയും നടപടി താത്കാലികമായി നിര്‍ത്തി വയ്ക്കണമെന്നും മൂല്യനിര്‍ണയത്തിന് മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.
സുപ്രീം കോടതി വിധിയില്‍ ശ്രീവാസ്തവ സഹായ് അതൃപ്തി പ്രകടിപ്പിച്ചു. കഴിഞ്ഞ വര്‍ഷങ്ങളിലെ വിദ്യാര്‍ഥികളുടെ കഷ്ടത ഈ വര്‍ഷത്തിലെ വിദ്യാര്‍ഥികളും അനുഭവിക്കേണ്ടി വരുമെന്നും അവര്‍ പറഞ്ഞു.
10,12 ക്ലാസുകളുടെ പരീക്ഷകള്‍ ഏപ്രില്‍ 26 മുതല്‍ ആരംഭിക്കാനാണ് സിബിഎസ്ഇയുടെ തീരുമാനം. ആദ്യ ടേമിലെ പരീക്ഷാഫലം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.
Also Read: ദാവൂദിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്ക് അറസ്റ്റില്‍