ന്യൂഡൽഹി: ബെഞ്ച് രൂപീകരണവും കേസുകൾ വിഭജിച്ച് നൽകാനുമുളള അധികാരവും ചീഫ് ജസ്റ്റിസിന്റെ പരമാധികാരമാണെന്ന് സുപ്രീംകോടതി. കേസ് വിഭജനത്തില്‍ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചില്‍ രണ്ട് മുതിര്‍ന്ന ജഡ്ജിമാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാൽപര്യ ഹര്‍ജി തളളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട മൂന്നംഗ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

അഭിഭാഷകന്‍ അശോക് പാണ്ഡെയാണ് ഹര്‍ജി സമര്‍പ്പിച്ചത്. കേസുകള്‍ കൈകാര്യം ചെയ്യാനും ബെഞ്ചുകള്‍ രൂപീകരിക്കാനും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ടായിരുന്നു അദ്ദേഹം ഹർജി നൽകിയത്.

ഭരണഘടന അനുസരിച്ച് ഉന്നത കോടതികളുടെ ചുമതല ചീഫ് ജസ്റ്റിസിനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസാണ് ഉന്നത കോടതികളുടെ തലവന്‍. സുപ്രീം കോടതിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക എന്നത് അദ്ദേഹത്തില്‍ നിക്ഷിപ്തമായിരിക്കുന്ന ചുമതലയാണ്. ചീഫ് ജസ്റ്റിസില്‍ അവിശ്വാസം തോന്നേണ്ട കാര്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം.ഖൻവിൽകർ, ഡി.വൈ.ചന്ദ്രചൂഢ് എന്നിവരടങ്ങിയ ബെഞ്ച് ഹർജി തളളിയത്.

കേസ് വിഭജനത്തിൽ ചീഫ് ജസ്റ്റിസ് പക്ഷപാതിത്വം കാണിക്കുന്നുവെന്ന് ആരോപിച്ച് ജനുവരിയില്‍ കോടതി നടപടികള്‍ നിര്‍ത്തിവച്ച് സുപ്രീംകോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാർ പത്രസമ്മേളനം വിളിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ അശോക് പാണ്ഡെയാണ് ഹര്‍ജി നൽകിയത്.

ജസ്റ്റിസുമാരായ ജെ.ചെലമേശ്വര്‍, മദന്‍ ബി ലോക്കൂര്‍, രഞ്ജന്‍ ഗൊഗോയ്, കുര്യന്‍ ജോസഫ് എന്നിവരാണ് ചീഫ് ജസ്റ്റിസിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയത്. ഇത് രാജ്യത്ത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ