/indian-express-malayalam/media/media_files/uploads/2021/10/thiruvananthapuram-international-airport-adani-group-568770-FI.jpg)
Photo: Wikipedia/ Anand G Iyer
ന്യൂഡല്‍ഹി: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന് (എ ഇ എല്‍) പാട്ടത്തിനു നല്‍കിയതിനെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ(എ എ ഐ)യുടെ തീരുമാനത്തെ ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാരും ജീവനക്കാരുടെ യൂണിയനുമാണു കോടതിയെ സമീപിച്ചത്.
അദാനി ഗ്രൂപ്പിനു പാട്ടത്തിനു നല്‍കിയതു ഹൈക്കോടതി 2020 ഒക്ടോബര്‍ 19നു ശരിവച്ചിരുന്നു. ഇതു ചോദ്യം ചെയ്തുകൊണ്ടാണു സംസ്ഥാന സര്‍ക്കാരും എയര്‍പോര്‍ട്ട് അതോറിറ്റി എംപ്ലോയീസ് യൂണിയനും സുപ്രീം കോടതിയെ സമീപിച്ചത്.
തിരുവനന്തപുരം വിമാനത്താവളത്തിനാവശ്യമായ ഭൂമി ഏറ്റെടുത്ത് നല്‍കിയതു തങ്ങളാണെന്നും അതിനാല്‍ നടത്തിപ്പിന്റെ കാര്യത്തില്‍ മുന്‍ഗണനാ അവകാശങ്ങളുണ്ടായിരിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. ഇക്കാര്യത്തില്‍ ഒരു രൂപപോലും എയര്‍പോര്‍ട്ട് അതോറിറ്റിയില്‍നിന്നു സര്‍ക്കാര്‍ ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ ചെലവാക്കിയ പണം തങ്ങളുടെ ഓഹരിയായി മാറ്റേണ്ടതായിരുന്നുവെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ വിജയകരമായി നടത്തുന്ന പരിചയം തങ്ങള്‍ക്കുണ്ടെന്നും സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ ഈ വാദങ്ങള്‍ ചീഫ് ജസ്റ്റിസ് യു യു ലളിതും ജസ്റ്റിസ് ബേല എം ത്രിവേദിയും അടങ്ങിയ ബെഞ്ച് കണക്കിലെടുത്തില്ല.
അദാനി ഗ്രൂപ്പിന് അനുയോജ്യമായ രീതിയിലാണ് 'റിക്വസ്റ്റ് ഫോര്‍ പ്രൊപ്പോസല്‍ (ആര്‍ എഫ് പി) വ്യവസ്ഥകള്‍ തയാറാക്കിയതെന്ന കേരളത്തിന്റെ വാദവും കോടതി തള്ളി. സംസ്ഥാനം ആര്‍ എഫ് പി വ്യവസ്ഥകളെ നേരത്തെ ചോദ്യം ചെയ്തില്ലെന്നും ലേലതതില്‍ പങ്കെടുത്തതു വഴി അത് അംഗീകരിക്കുകയായിരുന്നുവെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
ടെന്‍ഡര്‍ നടപടികളില്‍ സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ (കെ എസ് ഐ ഡി സി) പങ്കെടുത്ത ശേഷം കൈമാറ്റത്തെ ചോദ്യംചെയ്യുന്നതിനു പ്രസക്തിയില്ലെന്നു ബെഞ്ച് പറഞ്ഞു. വിമാനത്താവളത്തിലെത്തുന്ന ഓരോ യാത്രക്കാരനും അദാനി ഗ്രൂപ്പ് 168 രൂപയാണ് വാഗ്ദാനം ചെയ്തപ്പോള്‍ സര്‍ക്കാര്‍ സ്ഥാപനം 135 രൂപയാണു വാഗ്ദാനം ചെയ്തതെന്നു കോടതി ചൂണ്ടിക്കാട്ടി.
ആവശ്യമെങ്കില്‍, വിമാനത്താവള ഭൂമിയുടെ അവകാശവുമായി ബന്ധപ്പെട്ട നിയമ നടപടികളുമായി സര്‍ക്കാരിനു മുന്നോട്ടുപോകാമെന്നും കോടതി പറഞ്ഞു. എന്നാല്‍ ഭൂമിയുടെ ഉടമസ്ഥാവകാശം തങ്ങളില്‍ നിക്ഷിപ്തമാണെന്ന് എ എ ഐ വാദിച്ചു.
അദാനി ഗ്രൂപ്പിന്റെ ജീവനക്കാരായി മാറിയാല്‍ എയര്‍പോര്‍ട്ട് അതോറിറ്റി നല്‍കുന്ന ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന് ഉറപ്പില്ലെന്നു ജീവനക്കാരുടെ യൂണിയന്‍ വാദിച്ചു. ഗ്രൂപ്പിനു കീഴിലുള്ള ജീവനക്കാരന്‍ 58 വയസില്‍ വിരമിക്കുമ്പോള്‍ എ എ ഐ ജീവനക്കാരുടെ വിരമില്‍ പ്രായം അറുപതാണ്. സേവന വ്യവസ്ഥകളിലും വിരമിക്കല്‍ ആനുകൂല്യങ്ങളിലും വലിയ വ്യത്യാസങ്ങളുണ്ടെന്നും ജീവനക്കാരുടെ യൂണിയന്‍ വാദിച്ചു. എന്നാല്‍ തിരുവനന്തപുരത്തെ എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാര്‍ക്കു മറ്റു വിമാനത്താവളങ്ങളിലേക്ക് പോകാന്‍ അവസരമുണ്ടെന്നും അല്ലെങ്കില്‍ സ്വകാര്യ ലേലക്കാരനോടൊപ്പം തുടരുക എന്നായിരുന്നു കോടതിയുടെ മറുപടി.
''ഈ വസ്തുതകളും അതുപോലെ 2021 ഒക്ടോബര്‍ മുതല്‍ സ്വകാര്യ സ്ഥാപനത്തിനാണു നടത്തിപ്പ് എന്ന വസ്തുതയും കണക്കിലെടുക്കുമ്പോള്‍ ഇടപെടാന്‍ ഒരു കാരണവും കാണുന്നില്ല. ഹര്‍ജികള്‍ തള്ളുന്നു,'' ബെഞ്ച് ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us