ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് ബി.എസ്.യെഡിയൂരപ്പ നല്‍കിയ കത്ത് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് സത്യപ്രതിജ്ഞയ്ക്ക് സുപ്രീം കോടതി അനുമതി നല്‍കിയത്. അതിലെ നിയമപരമായ ശരിതെറ്റുകള്‍ പരിശോധിക്കേണ്ടതുണ്ടെന്നും അതിന് ശേഷം തീരുമാനമെടുക്കാമെന്നുമാണ് കോടതി അറിയിച്ചിട്ടുള്ളത്.

15, 16 തീയതികളിലായി സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ച് യെഡിയൂരപ്പ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച രണ്ട് കത്തുകളുണ്ട്. ഈ കത്തുകള്‍ വെള്ളിയാഴ്ച അന്തിമവാദത്തിന് മുമ്പ് ബിജെപി കോടതിയില്‍ ഹാജരാക്കണം. ആ കത്തുകളുടെ നിയമസാധുതയില്‍ കോടതിക്ക് എന്തെങ്കിലും സംശയമുണ്ടാകുകയാണെങ്കില്‍ ബിജെപിക്ക് എതിരാവും കാര്യങ്ങള്‍. സര്‍ക്കാര്‍ രൂപീകരണ സമയത്ത് എത്ര എംഎല്‍എമാര്‍ ബിജെപിക്ക് ഒപ്പമുണ്ടെന്നതിന് തെളിവാണ് ആ കത്ത്. ഇനി എത്ര പേര്‍ കൂടെ നില്‍ക്കും എന്നതിന് പോലും അപ്പോള്‍ പ്രസക്തിയുണ്ടാവില്ല. ആ കത്തിലാണ് ബിജെപി സര്‍ക്കാരിന്റെ ഭാവി. അങ്ങനെയാണെങ്കില്‍ യെഡിയൂരപ്പയുടെ മുഖ്യമന്ത്രി പദവി സുപ്രീം കോടതി അസാധുവാക്കും. അതോടെ ഒരുദിനം മുഖ്യമന്ത്രിയായി അദ്ദേഹം പുറത്തേക്ക് പോകും.

ഗവര്‍ണറുടെ വിവേചനാധികാരത്തില്‍ ഇടപെടാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി സത്യപ്രതിജ്ഞയ്ക്ക് സ്റ്റേ അനുവദിക്കാതിരുന്നത്. ഗവര്‍ണറുടെ ഉത്തരവ് കോടതിക്ക് മരവിപ്പിക്കാന്‍ സാധിക്കില്ലെന്നതിനാലാണ് അത്. എല്‍എമാര്‍ മാത്രം സത്യപ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യാതെ എന്തുകൊണ്ട് സഭയില്‍ ഭൂരിപക്ഷം തെളിയിച്ചുകൂടാ എന്നൊരു ചോദ്യവും ഹർജി പരിഗണിക്കുന്നതിനിടെ കോടതി ഉയര്‍ത്തിയിരുന്നു. സഭയില്‍ ബിജെപി ഭൂരിപക്ഷം തെളിയിച്ച ശേഷം യെഡിയൂരപ്പയ്ക്ക് സത്യപ്രതിജ്ഞ ചെയ്താല്‍ പോരെയെന്നും കോടതി ചോദിച്ചു.

117 എംഎല്‍എമാര്‍ കോണ്‍ഗ്രസിന് ഒപ്പം ഇപ്പോള്‍ ഉണ്ട്. ജെഡിഎസിന്റേയും കോണ്‍ഗ്രസിന്റെയും അംഗബലം തന്നെ 117 ആണ്. എന്നാല്‍ കേവല ഭൂരിപക്ഷമായ 111 ലേക്ക് എത്താന്‍ ബിജെപിക്ക് ഇനിയും സീറ്റുകള്‍ ആവശ്യമുണ്ട്. ബിജെപിക്ക് ലഭിച്ചത് 104 സീറ്റുകളാണ്. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കുക എന്ന ചോദ്യവും കോടതി ഉയര്‍ത്തി. കൂടാതെ യെഡിയൂരപ്പയെയും കര്‍ണാടക സര്‍ക്കാരിനെയും കേസില്‍ കക്ഷി ചേര്‍ത്തു. രണ്ടു കൂട്ടര്‍ക്കും കോടതി നോട്ടീസ് അയയ്ക്കുകയും ചെയ്തിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook