ശ്രീനഗർ: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 35എയുടെ സാധുതയെ ചോദ്യം ചെയ്ത സമർപ്പിച്ച ഹർജികളിൽ വാദം കേൾക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു. ഡിസംബറിൽ കശ്മീരിൽ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വാദം കേൾക്കുന്നത് മാറ്റിവയ്ക്കണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ഹർജികളിൽ വാദം കേൾക്കുന്നത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് എ.എം.ഖാൻവിൽക്കറും അടങ്ങിയ ബെഞ്ച് മാറ്റിവച്ചത്.

2019 ജനുവരിവരെ ഹർജികളിൽ വാദം കേൾക്കില്ല. സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നം നിലനിൽക്കുന്നുണ്ടെന്ന് സംസ്ഥാന സർക്കാർ തന്നെ പറയുമ്പോൾ എങ്ങനെയാണ് കേസിൽ വാദം കേൾക്കാൻ കഴിയുകയെന്ന് ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ ചോദിച്ചു. ജമ്മു കശ്മീരിൽ തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സുരക്ഷാ സേനകളെയെല്ലാം അതിലേക്കായി നിയോഗിച്ചിരിക്കുകയാണ്. ഈ സമയത്ത് ഹർജികളിൽ വാദം കേട്ട് സുപ്രീം കോടതി പുറപ്പെടുവിക്കുന്ന വിധി പ്രതികൂലമായാൽ അത് ക്രമസമാധാനം തകർക്കുമെന്നാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചത്. മാത്രമല്ല, വിധി പ്രതികൂലമായാൽ വൻ പ്രതിഷേധം അരങ്ങേറുമെന്ന് വിഘടനവാദികൾ ഭീഷണിയും മുഴക്കിയിട്ടുണ്ട്.

ഹർജികൾ സമർപ്പിച്ചതിൽ പ്രതിഷേധിച്ച് ഇന്നലെ വിഘടനവാദികൾ ആഹ്വാനം ചെയ്ത ബന്ദ് കശ്മീർ താഴ്‌വരയിലും ജമ്മുവിന്റെ മറ്റു ചില ഭാഗങ്ങളിലും പൂർണമായിരുന്നു. വിഘടനവാദി നേതാക്കളായ സയീദ് അലി ഗീലാനി, മിര്‍വേയിസ് ഉമര്‍ ഫാറൂഖ്, യാസിന്‍ മാലിക്ക് എന്നിവർ ആഹ്വാനം ചെയ്ത ബന്ദ് ഇന്നും തുടരുമെന്ന് അറിയിച്ചിട്ടുണ്ട്.

ആർട്ടിക്കിൾ 35എ വകുപ്പ് പ്രകാരം മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് ജമ്മു കശ്മീരില്‍ വസ്തു വാങ്ങാൻ അനുവാദമില്ല. തദ്ദേശവാസികള്‍ ആരെന്ന് തീരുമാനിക്കാനുള്ള അവകാശം സംസ്ഥാന സര്‍ക്കാരിൽ നിക്ഷിപ്തമാണ്. ജമ്മു കശ്മീരിന് പുറത്തുനിന്നുള്ള ആളെ വിവാഹം കഴിക്കുന്ന കശ്മീരി സ്ത്രീയ്ക്ക് സംസ്ഥാനത്തെ ഭൂമിയുടെ മേലുള്ള അവകാശങ്ങളും നഷ്ടമാകും. എന്നാല്‍ ഭരണഘടന പ്രകാരം രാജ്യത്തെവിടെയും താമസിക്കുന്നതിനും വസ്തു വാങ്ങിക്കുന്നതിനും ഇന്ത്യന്‍ പൗരന് അവകാശമുണ്ട്, അതിനാല്‍ ആര്‍ട്ടിക്കിള്‍ 35എ ഭരണഘടനാ വിരുദ്ധമാണെന്നാണ് ഇതിനെ എതിര്‍ക്കുന്നവരുടെ വാദം.

ആര്‍ട്ടിക്കിള്‍ 35എയുടെ ഭരണഘടന സാധുതയെ ചോദ്യം ചെയ്ത് വിവിധ എന്‍ജിഒകളാണ് ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചിട്ടുളളത്. 1954 ല്‍ അന്നത്തെ രാഷ്ട്രപതി രാജേന്ദ്ര പ്രസാദിന്റെ കാലത്താണ് പ്രത്യേക ഉത്തരവിലൂടെ ആര്‍ട്ടിക്കിള്‍ 35എ നിലവില്‍ വന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ