ന്യൂഡൽഹി: മ്യാൻമറിൽ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയ റോഹിങ്ക്യൻ അഭയാർത്ഥികളെ അന്തിമ തീരുമാനമുണ്ടാകുന്നത് വരെ മടക്കി അയ്ക്കരുതെന്ന് കേന്ദ്രസർക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. നിഷ്‌ക്കളങ്കരായ സ്ത്രീകളുടെയും കുട്ടികളുടെയും ദുരിതം കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് പറഞ്ഞ കോടതി റോഹിങ്ക്യകൾക്കുള്ള മനുഷ്യാവകാശങ്ങളും രാജ്യസുരക്ഷയും പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. കേസ് നവംബർ 21ന് വീണ്ടും പരിഗണിക്കും.
റോഹിങ്ക്യൻ വിഷയത്തിൽ സന്തുലിതമായ പരിഹാരമാണ് വേണ്ടതെന്നും കോടതി നിർദ്ദേശിച്ചു. സംഘർഷം മൂലം ഇന്ത്യയിൽ അഭയം തേടിയ തങ്ങളെ മ്യാൻമറിലേക്കു തിരിച്ചയയ്‌ക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് റോഹിങ്ക്യൻ വിഭാഗത്തിൽപ്പെട്ട ചിലരാണ് സുപ്രീം കോടതിയെ സമീപിച്ചത്.
റോഹിങ്ക്യകൾക്ക് വേണ്ടി അഡ്വക്കറ്റ് പ്രശാന്ത് ഭൂഷണാണ് ഹാജരായത്. റോഹിങ്ക്യൻ അഭയാർത്ഥികൾ രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണിയാണെന്നും അവർ തീർത്തും നിയമവിരുദ്ധമായാണ് ഇന്ത്യയിൽ കഴിയുന്നതെന്നും കേന്ദ്ര സർക്കാർ നേരത്തേ സത്യവാങ്മൂലം നൽകിയിരുന്നു. തങ്ങളെ ഇന്ത്യയിൽ നിന്നും പുറത്താക്കരുതെന്ന റോഹിങ്ക്യകളുടെ ആവശ്യം നീതികരിക്കാനാവില്ലെന്നും സർക്കാർ പറഞ്ഞിരുന്നു. ഇന്ത്യൻ പൗരന്മാരുടെ മൗലികാവകാശങ്ങളെ അത് ബാധിക്കുമെന്നും കേന്ദ്രം വാദിച്ചിരുന്നു.