കൊച്ചി: കേരള ഹൈക്കോടതിയിലേക്ക് മൂന്ന് അഭിഭാഷകരെയും രണ്ട് ജില്ല ജഡ്ജിമാരെയും ജസ്റ്റിസുമാരായി നിയമിക്കുന്നതിന് സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു. അഭിഭാഷകരായ വിജി അരുൺ, എൻ നഗരേഷ്, പിവി കുഞ്ഞികൃഷ്ണൻ, ജില്ല ജഡ്ജിമാരായ ടിവി അനിൽകുമാർ, എൻ അനിൽകുമാർ എന്നീ അഞ്ച് ജസ്റ്റിസുമാരുടെ നിയമനത്തിനാണ് ശുപാർശ ചെയ്തിരിക്കുന്നത്.
ശുപാര്‍ശ സുപ്രീംകോടതി കൊളീജിയം കേന്ദ്ര സര്‍ക്കാരിന് നല്കി. ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തിയ അഭിഭാഷകരായ എസ്. രമേശ്, വിജു എബ്രഹാം, ജോര്‍ജ്ജ് വര്‍ഗ്ഗീസ് എന്നിവരുടെ നിയമനം പിന്നീട് പരിഗണിക്കാമെന്ന തീരുമാനത്തിൽ കൊളീജിയം നീട്ടി.
അതേ സമയം പട്ടികയിലുണ്ടായിരുന്ന അഡ്വ. പി. ഗോപാലിനെ കോളീജിയം ശുപാര്‍ശ ചെയ്തിട്ടില്ല. ഇദ്ദേഹത്തിന് മതിയായ യോഗ്യതകളില്ലെന്നും വരുമാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് കൊളീജിയം നിയമനം നൽകാനാവില്ലെന്ന് തീരുമാനം എടുത്തത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസ് മഥന്‍ ബി ലോകൂര്‍, ജസ്റ്റിസ് കുര്യന് ജോസഫ് എന്നിവരടങ്ങിയ കൊളീജിയത്തിന്റേതാണ് ശുപാര്‍ശകള്‍.
കേരള ഹൈക്കോടതിയിലേക്ക് ജഡ്ജിമാരായി പരിഗണിക്കപ്പെടുന്നവര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ജസ്റ്റിസുമാരായ മദന്‍ ബി ലോക്കൂര്‍, കുര്യന് ജോസഫ് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
കേരള ഹൈക്കോടതിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ജസ്റ്റിസ് നിയമനത്തിന് ശുപാർശ ചെയ്യപ്പെട്ട അഭിഭാഷകരുമായും ജില്ല ജഡ്ജുമാരുമായും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് നിയമനത്തിന്റെ ഭാഗമായി കൂടിക്കാഴ്ച നടത്തുന്നത്.
ജൂലായില്‍ കേരള ഹൈക്കോടതിയില്‍നിന്ന് വിരമിക്കവെ മുന്‍ ജഡ്ജി കെമാല്‍ പാഷ ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. പ്രമുഖരുടെ ബന്ധുക്കള്‍ ഹൈക്കോടതിയില്‍ ജഡ്ജിമാരായി കടന്നുകൂടുന്നു എന്നതടക്കമുള്ള ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. കൊളീജിയത്തെപ്പോലും സ്വാധീനിക്കാന്‍ കഴിവുള്ളവരാണ് ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്നും ഇതിന്റെ ഫലമായി നിലവാരമില്ലാത്തവര്‍ ന്യായാധിപരായി എത്തുന്നുവെന്നും ജസ്റ്റിസ് കെമാല്‍ പാഷ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അസാധാരണ കൂടിക്കാഴ്ച നടത്താൻ സുപ്രീം കോടതി കൊളീജിയം തീരുമാനിച്ചത്.