ന്യൂഡെല്‍ഹി: സിനിമയുടെയോ ഡോക്യുമെന്‍ററിയുടെയോ ഭാഗമായ ദേശീയ ഗാനം കേൾക്കുന്പോൾ തീയേറ്ററിൽ എഴുന്നേറ്റു നിൽക്കേണ്ടെന്നു സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റീസുമാരായ ദീപക് മിശ്രയും അമിത് ഘോഷും അടങ്ങിയ ബഞ്ചാണ് നേരത്തേ പുറപ്പെടുവിച്ച വിധിയില്‍ വ്യക്തത വരുത്തിയത്.

തിയറ്ററിൽ സിനിമയ്ക്കു മുന്പു ദേശീയ ഗാനം കേൾപ്പിക്കണമെന്നും എല്ലാവരും എഴുന്നേറ്റു നിൽക്കണമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിൽ വ്യക്തത ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് കോടതിയുടെ പുതിയ നിർദേശം. സിനിമയുടെ ഭാഗമായ ദേശയഗാനത്തിന് എഴുന്നേല്‍ക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ കാണികള്‍ ആശയക്കുഴപ്പത്തിലായിരുന്നു. തിയറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയതിന് പിന്നാലെ പുറത്തുവന്ന ദംഗല്‍ എന്ന ചിത്രത്തില്‍ ദേശീയഗാനം ഉള്‍പ്പെട്ടിരുന്നു. ഇത് കേട്ടപ്പോള്‍ ചിലര്‍ ഇരുന്നത് ചിലയിടത്ത് പ്രശ്നങ്ങള്‍ക്ക് വഴിവെച്ചു. തുടര്‍ന്ന് വന്‍പ്രതിഷേധങ്ങളാണ് രൂപം കൊണ്ടത്.

അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും സമാന സംഭവങ്ങള്‍ ഉണ്ടായി. ചിലര്‍ സിനിമയ്ക്ക് മുമ്പുള്ള ദേശീയഗാനത്തിന് എഴുന്നേല്‍ക്കാതിരുന്നത് പ്രശ്നങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തില്‍ ഉള്‍പ്പെട്ട ദേശീയഗാനത്തിന് എഴുന്നേല്‍ക്കണോ വേണ്ടയോ എന്ന സംശയം കാണികളെ കുഴക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ