ന്യൂഡൽഹി: തന്നെ സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്രയെ കാണാൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിസമ്മതിച്ചു. ചീഫ് ജസ്റ്റിസ് കാണാൻ വിസമ്മതിച്ചതിനെ തുടർന്ന് നൃപേന്ദ്ര മിശ്ര മടങ്ങി. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ വസതിയിൽ രാവിലെ നേരിട്ടെത്തിയാണ് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കൂടിക്കാഴ്ചയ്ക്ക് ശ്രമം നടത്തിയത്.

വെള്ളിയാഴ്ച രാവിലെ സുപ്രീംകോടതി ചേർന്നതിന് പിന്നാലെ ജസ്റ്റിസുമാരായ ജെ.ചെലമേശ്വർ, കുര്യൻ ജോസഫ്, രഞ്ജൻ ഗോഗോയ്, മദൻ ബി. ലോകൂർ എന്നിവർ കോടതി ബഹിഷ്കരിച്ച് പത്രസമ്മേളനം നടത്തിയിരുന്നു. ചീഫ് ജസ്റ്റിസ് അധികാരപരിധി ലംഘിക്കുന്നുവെന്നതടക്കം നിരവധി ഗുരുതരമായ ആരോപണങ്ങളാണ് സുപ്രീംകോടതിയിലെ മുതിർന്ന നാല് ജസ്റ്റിസുമാരും ആരോപിച്ചത്.

ജസ്റ്റിസ് ബി.എച്ച്.ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസാണ് നാല് സുപ്രീംകോടതി ജസ്റ്റിസുമാരെ ചീഫ് ജസ്റ്റിസിനെതിരായ തുറന്ന പോരിലേക്ക് എത്തിച്ചത്. അമിത് ഷാ പ്രതിയായ സൊഹ്റാബുദ്ധീൻ വധക്കേസുമായി ബന്ധമുണ്ടെന്ന സംശയം നിലനിൽക്കുന്ന കേസിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ചിന് വിട്ടത് ചട്ടം ലംഘിച്ചാണെന്ന് ജസ്റ്റിസ് ജെസ്തി ചെലമേശ്വറും മറ്റ് മൂന്ന് ജസ്റ്റിസുമാരും ആരോപിച്ചു.

സുപ്രീംകോടതി മുൻപ് അഭിമുഖീകരിച്ചിട്ടില്ലാത്ത പ്രതിസന്ധിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഉന്നത തല യോഗം വിളിച്ചിരുന്നു. കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദിനോട് വിഷയത്തിൽ റിപ്പോർട്ട് തേടി. റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ