ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹങ്ങള്‍ 1954ലെ സ്പെഷല്‍ മാരേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി തേടിയുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാര്‍ പ്രതികരണം തേടി. അറ്റോര്‍ണി ജനറലിനും കോടതി പ്രത്യേകം നോട്ടിസ് അയച്ചു.
വിഷയം നാലാഴ്ചയ്ക്കുള്ളില്‍ വാദം കേള്‍ക്കാനായി ലിസ്റ്റ് ചെയ്തു. രണ്ടു ജോഡി സ്വവര്‍ഗ ദമ്പതികള്‍ സമര്‍പ്പിച്ച രണ്ടു പൊതു താല്‍പ്പര്യ ഹര്‍ജികളാണു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് ഹിമ കോഹ്ലിയും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്. സ്വവര്‍ഗ വിവാഹം അംഗീകരിക്കാത്തതു വിവേചനത്തിനു തുല്യമാണെന്നു ഹര്‍ജിയില്‍ പറയുന്നതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.
സുപ്രിയോ ചക്രവര്‍ത്തിയും അഭയ് ദാങ്ങും ചേര്‍ന്നാണ് ആദ്യ പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. ഏതാണ്ട് 10 വര്‍ഷമായി ദമ്പതികളായ ഇവര്‍ 2021 ഡിസംബറില്‍ പ്രതിബദ്ധതാ ചടങ്ങ് നടത്തിയിരുന്നു. ഇതില്‍ ഇരുവരുടെയും മാതാപിതാക്കളും കുടുംബവും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇപ്പോള്‍ സ്‌പെഷല്‍ മാരേജ് ആക്ട് പ്രകാരം തങ്ങളുടെ വിവാഹം അംഗീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.
17 വര്‍ഷമായി ബന്ധത്തിലുള്ള പാര്‍ഥ് ഫിറോസ് മെഹ്റോത്രയും ഉദയ് രാജ് ആനന്ദുമാണു രണ്ടാമത്തെ പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. തങ്ങള്‍ രണ്ടു കുട്ടികളെ ഒരുമിച്ച് വളര്‍ത്തുന്നുണ്ടെന്നു പറഞ്ഞ ഇവര്‍, വിവാഹം നിയമപരമായി നടത്താനാകാത്തതിനാല്‍ തങ്ങളും കുട്ടികളും തമ്മിലുള്ള നിയമപരമായ ബന്ധം സാധ്യമാകാത്ത സാഹചര്യമുണ്ടെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
നവതേജ് സിങ് ജോഹറിന്റെയും പുട്ടസ്വാമിയുടെ വിധിന്യായങ്ങളുടെയും തുടര്‍ച്ചയാണു വിഷയമെന്നു ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി വാദിച്ചു.
സ്‌പെഷല്‍ മാര്യേജ് ആക്ട്, വിദേശ വിവാഹ നിയമം, ഹിന്ദു വിവാഹ നിയമം എന്നിവ പ്രകാരം സ്വവര്‍ഗ വിവാഹം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയിലും കേരള ഹൈക്കോടതിയിലും ഒന്‍പതു ഹര്‍ജികള്‍ നിലനില്‍ക്കുന്നുണ്ട്.
എല്ലാ കേസുകളും സുപ്രിംകോടതിയിലേക്കു മാറ്റാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നു കേന്ദ്രസര്‍ക്കാര്‍ കേരള ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞതായി ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ നീരജ് കിഷന്‍ കൗള്‍ ബെഞ്ചിനെ അറിയിച്ചു. ഗ്രാറ്റുവിറ്റി, ദത്തെടുക്കല്‍, സ്വവര്‍ഗ ദമ്പതികളുടെ വാടക ഗര്‍ഭധാരണം, ജോയിന്റ് അക്കൗണ്ടുകള്‍ തുടങ്ങിയ അടിസ്ഥാന അവകാശങ്ങളെ ഈ പ്രശ്നം ബാധിക്കുമെന്ന് അദ്ദേഹം വാദിച്ചു.