/indian-express-malayalam/media/media_files/uploads/2018/11/rape-image_710x400xt-004.jpg)
ന്യൂഡൽഹി: ബലാത്സംഗ ഇരകളുടെ പേര് അവർ മരിച്ചാലും പറയരുതെന്ന് സുപ്രീം കോടതി. പത്രത്തിലും ഇലക്ട്രോണിക് മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പേര് പറയരുതെന്ന് "മരിച്ചവർക്കും അഭിമാനമുണ്ട്," എന്ന പരാമർശത്തോടെ സുപ്രീം കോടതി വ്യക്തമാക്കി.
കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ സെൻസേഷണലായി റിപ്പോർട്ട് ചെയ്യരുതെന്നും കോടതി പറഞ്ഞു. ഇത് ടെലിവിഷന്റെ റേറ്റിങ് പോയിന്റ് കൂട്ടാനേ ഉപകരിക്കൂ, അല്ലാതെ മാധ്യമത്തിന്റെ വിശ്വാസ്യത ഉയർത്തില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ബലാത്സംഗ കേസുകളിൽ ഇരകളുടെ വ്യക്തിത്വം പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസുമാരായ മദൻ ബി.ലോകൂർ, ദീപക് ഗുപ്ത എന്നിവരാണ് വിധി പറഞ്ഞത്.
വിധി പ്രകാരം ജില്ലാ സെഷൻസ് ജഡ്‌ജിന് മാത്രമേ ബലാത്സംഗ ഇരയുടെ പേര് പുറത്തുവിടണോ എന്ന കാര്യത്തിൽ തീരുമാനം എടുക്കാനാവൂ. മരിച്ചയാളുടെ രക്ഷിതാവിന്റെയോ ഏറ്റവും അടുത്ത കുടുംബാംഗത്തിന്റെയോ അനുമതിയോടെ പോലും ഇരയുടെ പേര് പറയരുത്. എന്നാൽ 18 വയസ് പൂർത്തിയായ ബലാത്സംഗ ഇര, തന്റെ പേര് പറയാൻ മറ്റൊരാളെ നിയോഗിക്കുന്ന പക്ഷം അത് ചെയ്യാൻ അനുമതിയുണ്ട്.
മാധ്യമങ്ങൾക്ക് കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാനുളള എല്ലാ അവകാശവും ഉണ്ട്. എന്നാൽ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങളിൽ ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്താത്ത വിധം അത് ചെയ്യണമെന്നും കോടതി പറഞ്ഞു. ആക്രമിക്കപ്പെട്ടതിനെ കുറിച്ച് മാധ്യമങ്ങൾ ഇരയോട് ചോദിക്കാൻ പാടില്ലെന്നും, എന്താണ് നടന്നതെന്ന് ഓരോ തവണയും ഇര വിവരിക്കുമ്പോൾ അവർ അതിക്രമത്തിലൂടെ വീണ്ടും വീണ്ടും കടന്നുപോവുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ബലാത്സംഗം, പോക്സോ കേസുകളിൽ പ്രാഥമികാന്വേഷണ റിപ്പോർട്ട് പൊതുമധ്യത്തിൽ പരസ്യപ്പെടുത്തരുതെന്നും കോടതി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.