ന്യൂഡൽഹി: അയോധ്യ ഭൂമി തർക്ക കേസ് വേഗം പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി തളളി. ഇക്കാര്യം ആവശ്യപ്പെട്ട് അഖില ഭാരതീയ ഹിന്ദു മഹാസഭയാണ് ഹർജി നൽകിയത്. കേസ് ജനുവരിയിൽ വാദം കേൾക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അതിനു മുൻപ് കേസ് പരിഗണിക്കില്ലെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വ്യക്തമാക്കി.

മുൻപും ഇക്കാര്യം ആവശ്യപ്പെട്ട് ഹർജികൾ എത്തിയപ്പോഴും അയോധ്യ കേസ് അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കേണ്ടതില്ലെന്ന് കോടതി പറഞ്ഞിരുന്നു. 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഹർജികൾ വേഗത്തിൽ പരിഗണിക്കണമെന്ന കേന്ദ്ര സർക്കാരിന്റെയും ഉത്തർപ്രദേശ് സർക്കാരിന്റെയയും ആവശ്യം കോടതി പരിഗണിച്ചിരുന്നില്ല.

അയോധ്യ കേസ് സംബന്ധിച്ച ഹർജികൾ ജനുവരിയിലാണ് വാദം കേൾക്കാൻ കോടതി തീരുമാനിച്ചിട്ടുളളത്. ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.കെ.കൗള്‍, കെ.എം.ജോസഫ് എന്നിവര്‍ അംഗങ്ങളായ ബെഞ്ചാണ് കേസ് ജനുവരിയിലേക്ക് മാറ്റിയത്.

2010ലെ അലഹാബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. ബാബറി മസ്ജിദ് നിലനിന്ന 2.77 ഏക്കര്‍ സ്ഥലത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസാണിത്. തർക്ക ഭൂമി സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡയ്ക്കും രാംലല്ല വിരാജ്മനിനുമായി വിഭജിച്ച് നല്‍കിയ അലഹബാദ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുളള ഹർജികളാണ് സുപ്രീം കോടതി പരിഗണിക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook