ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ 16 വിമത കോണ്‍ഗ്രസ് എംഎല്‍എമാരുടെ രാജി കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സുപ്രീം കോടതി സ്‌പീക്കര്‍ എന്‍.പി.പ്രജാപതിയെ ചുമതലപ്പെടുത്തി. സംസ്ഥാനത്തെ കോണ്‍ഗ്രസ് മന്ത്രിസഭയോട് എത്രയും വേഗം വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിർദേശം. ഹര്‍ജിയിലെ വാദം നാളെ വീണ്ടും തുടരും.

വിമത എംഎല്‍എമാര്‍ ഉപതിരഞ്ഞെടുപ്പിനെ നേരിടണമെന്നും അതിനുശേഷം വിശ്വാസവോട്ടെടുപ്പ് നടത്താമെന്നും കോണ്‍ഗ്രസ് കോടതിയെ അറിയിച്ചു. ബിജെപി പണവും ശാരീരിക ശക്തിയും ഉപയോഗിച്ച് ജനാധിപത്യത്തെ റാഞ്ചുകയാണെന്ന് മുതിര്‍ന്ന അഭിഭാഷകനായ ദുഷ്യന്ത് ദാവെ പറഞ്ഞു. ഹര്‍ജി വിശാല ബഞ്ചിന് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നുള്ള ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്റെ നിര്‍ദേശം ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീം കോടതിയെ കോണ്‍ഗ്രസ് ധരിപ്പിച്ചു. അതേസമയം, കമല്‍നാഥ് സര്‍ക്കാരിന് അധികാരത്തില്‍ തുടരാനുള്ള ധാര്‍മികവും നിയമപരവും ഭരണഘടനാപരവുമായ അവകാശമില്ലെന്ന് ബിജെപി പറഞ്ഞു.

Read Also: കോവിഡ് 19: കേരള മാതൃകയെ പ്രശംസിച്ച് വീണ്ടും സുപ്രീംകോടതി

ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഢും ഹേമന്ത് ഗുപ്തയുമടങ്ങുന്ന രണ്ടംഗ ബഞ്ചാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്. കൊറോണ വൈറസ് ബാധ ചൂണ്ടിക്കാണിച്ച് നിയമസഭാസമ്മേളനം 26 വരെ മാറ്റിവച്ചതിനെ ബിജെപി ചോദ്യം ചെയ്തിരുന്നു. ഈ വിഷയത്തില്‍ ചൊവ്വാഴ്ച കോടതി മധ്യപ്രദേശ് സര്‍ക്കാരിനും സ്പീക്കര്‍ക്കു മറ്റും നോട്ടീസ് അയച്ചിരുന്നു. അതേസമയം, ബെംഗളുരുവില്‍ കഴിയുന്ന വിമത എംഎല്‍എമാരെ കാണാനുള്ള അവസരം ചോദിച്ചാണ് കോണ്‍ഗ്രസ് കോടതിയില്‍ എത്തിയിരിക്കുന്നത്.

കോടതിയില്‍ വാദം നടക്കുന്ന സമയത്ത് ബെംഗളുരുവിലെത്തി എംഎല്‍എമാരെ കാണാൻ ശ്രമിച്ച കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എംഎല്‍എമാരെ സ്വതന്ത്രരാക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയെ സമീപിക്കുമെന്ന് സിങ് പറഞ്ഞു.

എംഎല്‍എമാരെ കാണാന്‍ കര്‍ണാടക ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിനെ അനുവദിക്കണമെന്ന ബിജെപിയുടെ ആവശ്യം സുപ്രീം കോടതി നിരസിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook