ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഹർജികൾ ഡൽഹി ഹൈക്കോടതി വെളളിയാഴ്ച പരിഗണിക്കണമെന്ന് സുപ്രീം കോടതി. ഒരു മാസത്തേക്ക് ഹർജികൾ നീട്ടിവച്ച നടപടി ന്യായീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഹർജികൾ വേഗത്തിൽ പരിഗണിക്കണമെന്ന് ഹൈക്കോടതിയോട് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ, ജസ്റ്റിസുമാരായ ബി.ആർ.ഗവായ്, സൂര്യ കാന്ത് എന്നിവരടങ്ങിയ ബഞ്ച് അഭ്യർഥിച്ചു.

ഒരു മാസത്തേക്ക് ഹർജികൾ ഡൽഹി ഹൈക്കോടതി നീട്ടിവച്ചത് ന്യായീകരിക്കാനാവില്ല. ഡൽഹി കലാപവുമായി ബന്ധപ്പെട്ട് മാറ്റിവച്ച ഹർജികളെല്ലാം വേഗത്തിൽ പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് ബോബ്ഡെ പറഞ്ഞു. ഹർജികൾ പരിഗണിക്കുന്നത് നീട്ടണമെന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ ആവശ്യം സുപ്രീം കോടതി തളളി. ഡൽഹി കലാപത്തിൽ 47 പേർക്കാണ് ജീവൻ നഷ്ടമായത്. 200 ഓളം പേർക്ക് പരുക്കേറ്റു.

Read Also: തിരുവനന്തപുരത്ത് കെഎസ്ആർടിസി മിന്നൽ​ പണിമുടക്ക്

ബിജെപി നേതാക്കളായ അനുരാഗ് ഠാക്കൂർ, പർവേഷ് സാഹിബ് സിങ്, കപിൽ മിശ്ര അടക്കമുളള നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളിൽ വാദം കേൾക്കുന്നത് ഏപ്രിൽ 13 ലേക്കാണ് ഹൈക്കോടതി മാറ്റിയത്. ചീഫ് ജസ്റ്റിസ് ഡി.എൻ.പട്ടേൽ, ജസ്റ്റിസ് ഹരി ശങ്കർ എന്നിവരുൾപ്പെട്ട ബഞ്ചാണ് ഹർജികൾ മാറ്റിയത്.

അതേസമയം, ഡൽഹി കലാപവുമായി ബന്ധപ്പെട്ട് 369 എഫ്ഐആറുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുളളത്. അക്രമവുമായി ബന്ധപ്പെട്ട 33 പേർ അറസ്റ്റിലായി. കലാപത്തിൽ 79 വീടുകൾ പൂർണമായും കത്തിച്ചു. 327 കടകൾക്ക് തീയിട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook