ന്യൂഡൽഹി: പശുക്കളെ സംരക്ഷിക്കണമെന്ന് പേരിൽ ദളിതർക്കും ന്യൂനപക്ഷ സമുദായങ്ങൾക്കും എതിരെ നടക്കുന്ന അതിക്രമങ്ങളിൽ ആറ് സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതിയുടെ നൊട്ടീസ്. കർണാടക, രാജസ്ഥാൽ ഗുജറാത്ത്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങൾക്കാണ് കോടതി നൊട്ടീസ് അയച്ചത്.

സുപ്രീം കോടതി ജസ്റ്റിസുമാരായ എം.എം.ഖാൻവിൽകർ, ദീപക് മിശ്ര എന്നിവരാണ് മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കാട്ടി ആറ് സംസ്ഥാനങ്ങൾക്കും കത്തയച്ചത്. അക്രമം നടത്തുന്നവർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചിരുന്നത്.

മാർച്ച് 21 ന് കേസ് പരിഗണിച്ചിരുന്നെങ്കിലും സംസ്ഥാനങ്ങളുടെ നിലപാട് അറിയാതെ വന്നതിനെ തുടർന്ന് കാരണമാരാഞ്ഞു. കേസിൽ സംസ്ഥാനങ്ങൾക്ക് നൊട്ടീസ് അയച്ചില്ലെന്ന് വ്യക്തമായതോടെയാണ് സുപ്രീം കോടതി ഇതിന് നിർദ്ദേശം നൽകിയത്.

വിവിധ സംസ്ഥാനങ്ങളിലെ ഗോ സംരക്ഷണ നിയമങ്ങളിലെ വിവിധ വകുപ്പുകൾ ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കേസുകളിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന ആവശ്യമാണ് ഹർജിക്കാരന്റേത്.

 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ