/indian-express-malayalam/media/media_files/uploads/2022/11/Anand-Teltumbde.jpg)
ന്യൂഡല്‍ഹി: എല്‍ഗാര്‍ പരിഷത്ത് കേസില്‍ ആനന്ദ് തെല്‍തുംബ്ഡെക്ക് ജാമ്യം അനുവദിച്ച ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ)ക്കു തിരിച്ചടി. ഹര്‍ജി സുപ്രീം കോടതി തള്ളി.
ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് ഹിമ കോഹ്ലിയും ഉള്‍പ്പെട്ട ബെഞ്ച് വിസമ്മതിച്ചു. എന്നാല്‍, ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍ വിചാരണയില്‍ അന്തിമ കണ്ടെത്തലുകളായി കണക്കാക്കപ്പെടില്ലെന്നു ബെഞ്ച് കൂട്ടിച്ചേര്‍ത്തു.
''യു എ പി എ വകുപ്പുകള്‍ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ എന്താണ് പ്രത്യേക പങ്ക്? നിങ്ങള്‍ ആരോപിച്ച ഐ ഐ ടി മദ്രാസ് പരിപാടി ദളിത് കൂട്ടായ്മയ്ക്കു വേണ്ടിയുള്ളതാണ്. ദലിത് കൂട്ടായ്മ നിരോധിത പ്രവര്‍ത്തനത്തിനുള്ള തയാറെടുപ്പ് നടപടിയാണോ,'' ചീഫ് ജസ്റ്റിസ് വാദത്തിനിടെ ചോദിച്ചതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.
ബോംബെ ഹൈക്കോടതിയുടെ ഉത്തരവിലെ നിരീക്ഷണങ്ങള്‍ സുപ്രീംകോടതി മുന്‍കാലങ്ങളില്‍ പറഞ്ഞതിന് വിരുദ്ധമാണെന്നും ജാമ്യാപേക്ഷയിലെ നിരീക്ഷണങ്ങള്‍ വിചാരണയെയും അന്വേഷണത്തെയും സ്വാധീനിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് എന്‍ ഐ എ തെല്‍തുംദെയ്ക്കു ജാമ്യം അനുവദിച്ചതിനെതിരെ അപ്പീല്‍ സമര്‍പ്പിച്ചത്.
പ്രതിക്കു ജാമ്യം ലഭിച്ചാല്‍, തെല്‍തുംബ്ദെയ്ക്കെതിരായ തെളിവുകള്‍ കണ്ടെത്തുന്നതില്‍ ഇതിനകം തന്നെ വലിയ പ്രയാസം നേരിടുന്ന അന്വേഷണ ഏജന്‍സിയുടെ ശ്രമങ്ങള്‍ക്കു ഗുരുതരമായ തിരിച്ചടിയെുണ്ടാകുമെനന്ന് പ്രത്യേക ലീവ് പെറ്റീഷനില്‍ (എസ് എല്‍ പി) എന്‍ ഐ എ പറഞ്ഞു.
2020 ഏപ്രില്‍ മുതല്‍ കസ്റ്റഡിയിലുള്ള ആനന്ദ് തെല്‍തുംബ്‌ദെയ്ക്കു കഴിഞ്ഞയാഴ്ചയാണു ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പ്രതികള്‍ യു എ പി എ പ്രകാരമുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി നിഗമനത്തിലെത്താന്‍ കഴിയില്ലെന്നു കോടതി നിരീക്ഷിച്ചിരുന്നു.
കേസിലെ മറ്റൊരു കുറ്റാരോപിതന്‍ ഗൗതം നവ്‌ലാഖയെ സുപ്രീം കോടതി വിധിയെത്തുടര്‍ന്നു 19നു വീട്ടുതടങ്കലിലേക്കു മാറ്റിയിരുന്നു. എഴുപത്തി മൂന്നുകാരനായ ഗൗതം നവ്‌ലാഖയെ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണു മുംബൈ തലോജ സെന്‍ട്രല്‍ ജയിലില്‍നിന്നു വീട്ടുതടങ്കലിലേക്കു മാറ്റിയത്. സി പി എമ്മിന്റെ ഉടമസ്ഥതയിലുള്ള നവി മുംബൈയിലെ കമ്യൂണിറ്റി ഹാളിലാണു യു എ പി എ പ്രകാരമുള്ള കുറ്റങ്ങള്‍ നേരിടുന്ന നവ്‌ലാഖ നിലവില്‍ കഴിയുന്നത്.
ഗൗതം നവ്‌ലാഖയുടെ വീട്ടുതടങ്കലിന് അനുമതി നല്‍കിക്കൊണ്ടുള്ള പത്താം തീയതിലെ വിധി റദ്ദാക്കണമെന്ന എന്‍ ഐ എയുടെ അപേക്ഷ സുപ്രീം കോടതി 18നു തള്ളിയിരുന്നു. ഉത്തരവ് 24 മണിക്കൂറിനുള്ളില്‍ നടപ്പാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണു അെദ്ദേഹത്തെ വീട്ടുതടങ്കലിലേക്കു മാറ്റിയതത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us