ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന് കശ്മീരിലേക്ക് പോകാന്‍ സുപ്രീം കോടതിയുടെ അനുമതി. നാട്ടിലേക്ക് പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് ഗുലാം നബി സുപ്രീം കോടതിയെ സമീപിക്കുന്നത്. അതേസമയം, താന്‍ നാട്ടിലേക്ക് പോകുന്നത് രാഷ്ട്രീയ റാലികളോ മറ്റ് പരുപാടികളോ നടത്താന്‍ പോകുന്നതല്ലെന്ന് ഗുലാം നബി സുപ്രീംകോടതിയ്ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.

സന്ദര്‍ശനത്തിനിടെ ഗുലാം നബിയ്ക്ക് ആളുകളുമായി സ്വതന്ത്രമായി സംസാരിക്കാന്‍ കഴിയുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. ജസ്റ്റിസ് എസ്.എ ബോബ്ഡെ, ജസ്റ്റിസ് എസ്. അബ്ദുള്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണു തീരുമാനം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൂടിയായ അഭിഷേക് മനു സിങ്വിയാണ് ആസാദിനു വേണ്ടി ഹാജരായത്

ജന്മനാടായ കശ്മീരിലേക്ക് പോകാന്‍ അനുമതി തേടി ഗുലാം നബി ആസാദ് സുപ്രീംകോടതിയില്‍ ഹരജി നല്‍കുകയായിരുന്നുആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു ശേഷം മൂന്നുതവണയാണ് ആസാദ് കശ്മീര്‍ സന്ദര്‍ശിക്കാന്‍ ഒരുങ്ങിയത്. ഈ മൂന്നുവട്ടവും വിമാനത്താവളത്തില്‍ നിന്ന് അദ്ദേഹത്തെ തിരിച്ചയക്കുകയായിരുന്നു. തുടര്‍ന്നാണ് അദ്ദേഹം വ്യക്തിപരമായി ഹര്‍ജി സമര്‍പ്പിച്ചത്.

തന്റെ കുടുംബാംഗങ്ങളെ കാണാനും കശ്മീര്‍ സ്വദേശിയായ ആസാദ് അനുമതി ചോദിച്ചിരുന്നു. എന്നാല്‍ അതിനു കോടതി നേരത്തേ അനുമതി നിഷേധിച്ചിരുന്നു. ഇന്നത്തെ കോടതിവിധിയില്‍ അതുകൂടി ഉള്‍പ്പെടുമോ എന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല.

അതേസമയം, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തന്നെ കശ്മീര്‍ സന്ദര്‍ശിക്കുമെന്ന് പറഞ്ഞതില്‍ വളരെയേറെ സന്തോഷമുണ്ടെന്നും ഗുലാം നബി പറഞ്ഞു. കോടതിയോട് നന്ദി പറയുന്നതായും ഗുലാം നബി ആസാദ്.

‘ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുമതി തന്നതിന് സുപ്രീം കോടതിയോട് എനിക്ക് നന്ദിയുണ്ട്. എന്റെ റിപ്പോര്‍ട്ട് ഞാന്‍ കോടതിയില്‍ സമര്‍പ്പിക്കും. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തന്നെ ഇക്കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചതും കശ്മീര്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സന്ദര്‍ശിക്കുമെന്ന് പറഞ്ഞതും വളരെയേറെ സന്തോഷകരമാണ്,’ ഗുലാം നബി ആസാദ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook