ന്യൂഡല്‍ഹി: എടിഎം ഇടപാടിന് സര്‍വീസ് ചാര്‍ജ് ഈടാക്കുമെന്ന വിവാദ ഉത്തരവ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പിന്‍വലിക്കുന്നു. തെറ്റായി ഇറക്കിയ ഉത്തരവ് ആയിരുന്നുവെന്ന് വ്യക്തമാക്കിയാണ് ഉത്തരവ് പിന്‍വലിക്കുന്നത്. എസ്ബിഐ ബഡ്ഡി ഉപയോക്താക്കള്‍ക്കായി വേണ്ടിയുള്ള ഉത്തരവായിരുന്നു ഇതെന്നും പുതുക്കിയ ഉത്തരവ് വൈകാതെ പുറത്തിറക്കുമെന്നും എസ്ബിഐ വ്യക്തമാക്കി.

എടിഎം വഴി പണം പിന്‍വലിക്കുമ്പോഴെല്ലാം 25 രൂപ വീതം സേവന നിരക്ക് നല്‍കേണ്ടി വരുമെന്ന ഉത്തരവാണ് വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിക്കുന്നത്. നേരത്തേ സൗജന്യമായി പണം പിന്‍വലിക്കാനുള്ള അവസരം അഞ്ചു തവണയായിരുന്നതാണ് 2017 ജൂണ്‍ 1 മുതല്‍ പൂര്‍ണമായും എടുത്ത് കളയുമെന്നാണ് എസ്ബിഐ വ്യക്തമാക്കിയിരുന്നത്.

മുഷിഞ്ഞതോ, കീറിയതോ, നനഞ്ഞതോ ആയ കറന്‍സികള്‍ മാറ്റുന്നതിനും എസ്ബിഐ സര്‍വീസ് ചാര്‍ജ് ഈടാക്കുമെന്ന് അറിയിച്ചിരുന്നു. ഇതില്‍ എന്തെങ്കിലും തിരുത്തുണ്ടെയെന്ന് അദികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ഇത്തരം നോട്ടുകള്‍ മാറ്റുന്നതിന് ഒരോ നോട്ടിന് 2 മുതല്‍ അഞ്ച് രൂപ വരെയാണ് ഈടാക്കുകയെന്ന് ബാങ്ക് അറിയിച്ചിരുന്നു. എന്നാല്‍ 20 നോട്ടുകള്‍ക്ക് താഴെ ഉള്ള ഇടപാടിന് സര്‍വീസ് ചാര്‍ജ് നല്‍കേണ്ടി വരില്ല. 20 നോട്ടുകള്‍ക്കോ 5000 രൂപയ്ക്കോ മുകളിലുള്ള ഇടപാടിനായിരിക്കും ചാര്‍ജ് ഈടാക്കുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ