ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) സൗജന്യ എടിഎം ഇടപാട് പൂര്‍ണമായും നിര്‍ത്തുന്നു. എടിഎം വഴി പണം പിന്‍വലിക്കുമ്പോഴെല്ലാം 25 രൂപ വീതം സേവന നിരക്ക് നല്‍കേണ്ടി വരും. നേരത്തേ സൗജന്യമായി പണം പിന്‍വലിക്കാനുള്ള അവസരം അഞ്ചു തവണയായിരുന്നതാണ് പൂര്‍ണമായും എടുത്ത് കളഞ്ഞ് കൊണ്ട് സര്‍ക്കുലര്‍ ഇറക്കിയത്. പുതിയ നിരക്ക് 2017 ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും.

മുഷിഞ്ഞതോ, കീറിയതോ, നനഞ്ഞതോ ആയ കറന്‍സികള്‍ മാറ്റുന്നതിനും എസ്ബിഐ സര്‍വീസ് ചാര്‍ജ് ഈടാക്കും. ഇത്തരം നോട്ടുകള്‍ മാറ്റുന്നതിന് ഒരോ നോട്ടിന് 2 മുതല്‍ അഞ്ച് രൂപ വരെയാണ് ഈടാക്കുക. എന്നാല്‍ 20 നോട്ടുകള്‍ക്ക് താഴെ ഉള്ള ഇടപാടിന് സര്‍വീസ് ചാര്‍ജ് നല്‍കേണ്ടി വരില്ല. 20 നോട്ടുകള്‍ക്കോ 5000 രൂപയ്ക്കോ മുകളിലുള്ള ഇടപാടിനായിരിക്കും ചാര്‍ജ് ഈടാക്കുക.

അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ 20 രൂപ മുതല്‍ 100 രൂപവരെ പിഴ ഈടാക്കി കഴിഞ്ഞ മാസം എസ്ബിഐ തീരുമാനിച്ചിരുന്നു. അക്കൗണ്ടുള്ള ബാങ്ക് ഉള്‍പ്പെടുന്ന പ്രദേശങ്ങളുടെ തരം തിരിച്ചാണ് ഈ പിഴ. മെട്രോ നഗരങ്ങളിലെ ബാങ്ക് അക്കൗണ്ടില്‍ കുറഞ്ഞത് 5000 രൂപവേണം. എല്ലാ ചാര്‍ജുകള്‍ക്കും പിഴകള്‍ക്കും പുറമേ 14.5% സേവനനികുതിയും അടക്കണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ