ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും ഉയർന്ന മൂല്യമുള്ള കറൻസിയായ 2000 രൂപ പിൻവലിക്കാൻ റിസർവ് ബാങ്ക് ആലോചിക്കുന്നതായി റിപ്പോർട്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇക്കോഫ്ലാഷ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കറൻസി പിൻവലിച്ചില്ലെങ്കിൽ അച്ചടി നിർത്തിവയ്ക്കാൻ ആലോചിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.

13.3 ലക്ഷം കോടിയോളം ഉയർന്ന മൂല്യമുള്ള കറൻസി നോട്ട് വിപണിയിലുണ്ടെന്നാണ് കണക്ക്. അതേസമയം, കുറവ് മൂല്യമുള്ള കറൻസികൾ വെറും 3.5 ലക്ഷം കോടി മാത്രമേ വിപണിയിലുള്ളൂ. ഈ സാഹചര്യത്തിൽ കറൻസികൾ തമ്മിൽ വലിയ അന്തരമുള്ളത് ഇടപാടുകളെ ബാധിക്കുമെന്ന് കണ്ടെത്തിയാണ് നടപടി.

ലോക്‌സഭയിൽ സമർപ്പിച്ച കറൻസി കണക്കുകളുടെയും റിസർവ് ബാങ്ക് തങ്ങളുടെ റിപ്പോർട്ടിൽ പറയുന്ന കണക്കിന്റെയും അടിസ്ഥാനത്തിലാണ് ഇത്. ഡിസംബർ എട്ട് വരെ 500 രൂപയുടെ 16957 ദശലക്ഷം നോട്ടുകളും, 2000 രൂപയുടെ 3654 ദശലക്ഷം നോട്ടുകളുമാണ് അച്ചടിച്ചിട്ടുള്ളത്. ഇതിന്റെ രണ്ടിന്റെയും ആകെ തുക 15.7 ലക്ഷം കോടി വരും. ഇതിനർത്ഥം 2.4 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ട് അച്ചടിച്ച ശേഷം റിസർവ് ബാങ്ക് പുറത്തുവിട്ടിട്ടില്ലെന്നാണെന്ന് റിപ്പോർട്ടിൽ പറയുന്നത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് ഇക്കണോമിസ്റ്റ് സൗമ്യകാന്ത് ഘോഷ് ആണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. എസ്ബിഐ റിപ്പോർട്ട് വാർത്ത ഏജൻസിയായ എഎൻഐയാണ് പുറത്തുവിട്ടിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook