ശരാശരി തുക അക്കൗണ്ടിൽ സൂക്ഷിക്കാത്തതിന് 3.88 കോടി ഉപഭോക്താക്കളിൽ നിന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആദ്യപാദത്തിൽ നേടിയത് 235.06 കോടി രൂപ. പിഴയിനത്തിലാണ് അക്കൗണ്ട് ഉടമകളിൽ നിന്ന് ഇത്രയും തുക പൊതുമേഖലാ സ്ഥാപനത്തിന്റെ വരുമാനക്കണക്കിൽ വന്നുചേർന്നത്.

2017-18 സാമ്പത്തിക വർഷത്തിലെ ആദ്യപാദ കണക്കുകൾ പുറത്തുവന്നപ്പോഴാണ് ബാങ്കിന് വൻ സാമ്പത്തിക നേട്ടം ഇതിലൂടെ ഉണ്ടായതായി വ്യക്തമായിരിക്കുന്നത്. വിവരാവകാശ പ്രവർത്തകനായ ചന്ദ്രശേഖർ ഗൗഡിന് നൽകിയ മറുപടിയിലാണ് സ്റ്റേറ്റ് ബാങ്ക് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

Read More: ആളുമില്ല, നോട്ടുമില്ല; ബാങ്കുകൾ പോകുന്നത് പുതിയ പ്രതിസന്ധിയിലേക്കോ?

ബാങ്കിന്റെ മുംബൈയിലുള്ള ഓപ്പറേഷൻസ് വിഭാഗം ഡപ്യൂട്ടി ജനറൽ മാനേജരാണ് ഇത് സംബന്ധിച്ച് ചന്ദ്രശേഖർ ഗൗഡിന് മറുപടി നൽകിയത്. അതേസമയം ഏതൊക്കെ തരം അക്കൗണ്ടുകളിൽ നിന്ന് എത്ര രൂപ വീതമാണ് പിഴയീടാക്കിയതെന്ന് വ്യക്തമാക്കാൻ ബാങ്ക് തയ്യാറായിട്ടില്ല.

പാവപ്പെട്ട അക്കൗണ്ട് ഉടമകളെ പരിഗണിച്ച് സ്റ്റേറ്റ് ബാങ്ക് മിനിമം ബാലൻസ് നിബന്ധന എടുത്ത് കളയണമെന്ന ആവശ്യം ചന്ദ്രശേഖർ ഗൗഡ് സ്റ്റേറ്റ് ബാങ്കിന്റെ മഹാരാഷ്ട്ര സംസ്ഥാന മേധാവികളോട് ആവശ്യപ്പെട്ടതായി ലൈവ് മിന്റ് റിപ്പോർട്ട് ചെയ്യുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ