ന്യൂഡെൽഹി: സൗജന്യ എടിഎം ഇടപാടുകൾ നിർത്തലാക്കിക്കൊണ്ടുള്ള തീരുമാനത്തിൽ വിശദീകരണവുമായി എസ്ബിഐ അധികൃതർ. ഒരു മാസം 4 തവണ എടിഎമ്മിൽ നിന്ന് സൗജന്യമായി പണം പിൻവലിക്കാമെന്നും, ഈ പരിധിക്ക് ശേഷം നടക്കുന്ന ഇടപാടുകൾക്ക് സർവീസ് ചാർജ്ജ് ഈടാക്കുമെന്നും എസ്ബിഐ തങ്ങളുടെ ട്വിറ്റർ പേജിലൂടെ അറിയിച്ചു. നാലിൽ കൂടുതൽ തവണ പണം പിൻവലിച്ചാൽ ഓരോ തവണയും 25 രൂപ വീതം ഈടാക്കുമെന്നും എസ്ബിഐ അധികൃതർ അറിയിച്ചു. നേരത്തെ എടിഎമ്മുകളിൽ നിന്ന് പണം എടുത്താൽ ഓരോ തവണയും 25 രൂപ ഈടാക്കുമെന്നായിരുന്നു എസ്ബിഐ പുറത്തിറക്കിയ സർക്കുലറിൽ പറഞ്ഞിരുന്നത്.


എന്നാൽ മുഷിഞ്ഞതോ, കീറിയതോ, നനഞ്ഞതോ ആയ കറന്‍സികള്‍ മാറ്റുന്നതിന് സർവ്വീസ് ചാർജ്ജ് ഈടാക്കുന്നതിനുള്ള തീരുമാനം എസ്ബിഐ പിൻവലിച്ചിട്ടില്ല. ഇത്തരം നോട്ടുകള്‍ മാറ്റുന്നതിന് ഒരോ നോട്ടിന് 2 മുതല്‍ അഞ്ച് രൂപ വരെയാണ് ഈടാക്കുകയെന്ന് ബാങ്ക് അറിയിച്ചിരുന്നു. എന്നാല്‍ 20 നോട്ടുകള്‍ക്ക് താഴെ ഉള്ള ഇടപാടിന് സര്‍വീസ് ചാര്‍ജ് നല്‍കേണ്ടി വരില്ല. 20 നോട്ടുകള്‍ക്കോ 5000 രൂപയ്ക്കോ മുകളിലുള്ള ഇടപാടിനായിരിക്കും ചാര്‍ജ് ഈടാക്കുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ