ന്യൂഡല്‍ഹി: യുക്രൈനെതിരായ ആക്രമണത്തിന് പിന്നാലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ റഷ്യയ്ക്കെതിരെ വ്യാപക പ്രതിഷേധം. ടോക്കിയോ മുതല്‍ ന്യൂയോര്‍ക്ക് വരെയുള്ള പ്രധാന നഗരങ്ങളിലെ റഷ്യന്‍ എംബസികള്‍ക്ക് മുന്നില്‍ നൂറുകണക്കിന് ആളുകളാണ് പ്രതിഷേധിക്കുന്നത്. എന്നാല്‍ സമാനമായി യുദ്ധവിരുദ്ധ പ്രതിഷേധങ്ങള്‍ റഷ്യയില്‍ നടത്തിയവരെ അറസ്റ്റ് ചെയ്തതായാണ് രാജ്യാന്തര മാധ്യമമായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് സൈനിക നീക്കം പ്രഖ്യാപിച്ചതിന് കേവലം മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ തന്നെ അമേരിക്കയിലെ വാഷിങ്ടണിലെ റഷ്യന്‍ എംബസിക്ക് മുന്നില്‍ പ്രതിഷേധം ആരംഭിച്ചു. യുക്രൈനിന്റെ പതാകയുമേന്തിയായിരുന്നു പലരും എത്തിയത്. റഷ്യയുടെ ആക്രമണം അവസാനിപ്പിക്കുക എന്ന മുദ്രാവാക്യങ്ങളും എംബസിക്ക് മുന്നില്‍ മുഴങ്ങി.
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ന്റെ വസതിയിരിക്കുന്ന ഡൗണിങ് സ്ട്രീറ്റിന് മുന്നില്‍ യുക്രൈന് പൗരന്മാരടക്കമുള്ളവരാണ് ഒത്തുകൂടിയത്. ബ്രിട്ടണ് കൂടുതല്‍ സഹായം ചെയ്യണമെന്നായിരുന്നു ആവശ്യം. “ഞങ്ങള്‍ക്ക് സഹായം വേണം, ഞങ്ങള്‍ക്ക് പിന്തുണ ആവശ്യമുണ്ട്, യുക്രൈന് വളരെ ചെറിയ രാജ്യമാണ്, നേരിടുന്ന സമ്മര്‍ദം വളരെ വലുതും,” യുദ്ധവിരുദ്ധ പ്രക്ഷോഭക്കാര്‍ മുദ്രാവാക്യമുയര്‍ത്തി.
പാരിസിലും സമാന രീതിയില്‍ ജനങ്ങള്‍ ഒത്തുകൂടി. വളരെ ഗുരുതരവും അപകടകരവുമായ നിമിഷത്തിലാണ് ലോകമുള്ളതെന്നായിരുന്നു പ്രതിഷേധക്കാരിലൊരാള്‍ റോയിട്ടേഴ്സിനോട് പറഞ്ഞത്. സ്പെയിനിലെ മാഡ്രിഡില്‍ ഓസ്കാര്‍ ജേതാവ് കൂടിയായ ഷാവിയര്‍ ബാര്‍ഡെമും പ്രതിഷേധക്കാര്‍ക്കൊപ്പം കൂടി. അധിനിവേശത്തിലൂടെ യുക്രൈനിന്റെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടെന്നാണ് അദ്ദേഹം പറഞ്ഞത്.
പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് ജയില്‍വാസം വരെ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പ് അവഗണിച്ചുകൊണ്ടായിരുന്നു യുദ്ധവിരുദ്ധ പ്രക്ഷോഭം നടന്നത്. മോസ്കോ, സെന്റ് പീറ്റേഴ്സ്ബർഗ്, യെക്കാറ്റെറിൻബർഗ് എന്നിവയുൾപ്പെടെയുള്ള നഗരങ്ങളിൽ നൂറുകണക്കിന് ആളുകൾ റാലി നടത്തി. റഷ്യയില്‍ മാത്രം 1663 പേരെ അറസ്റ്റ് ചെയ്തതായി ടാസ് ന്യൂസ് ഏജന്‍സിയെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
Also Read: Russia-Ukraine Crisis: നാറ്റൊ രാജ്യങ്ങളെ റഷ്യ ആക്രമിച്ചാല്‍ അമേരിക്ക ഇടപെടും: ബൈഡന്