ധാക്ക: ബംഗ്ലാദേശിലെ കോക്സസ് ബസാറിലെ റോഹിങ്ക്യന്‍ ക്യാംപ് പ്രിയങ്ക ചോപ്ര സന്ദര്‍ശിച്ചു. ചരിത്രത്തിലെ വലിയ മാനുഷിക പ്രതിസന്ധിയിലൂടെയാണ് റോഹിങ്ക്യന്‍ കുട്ടികള്‍ കടന്നു പോവുന്നതെന്ന് പ്രിയങ്ക പറഞ്ഞു. യൂണിസെഫിന്റെ ഗുഡ്വിൽ അംബാസഡറായ പ്രിയങ്കാ ചോപ്ര റോഹിങ്ക്യൻ അഭയാർത്ഥികളിൽപെട്ട കുട്ടികളുടെ ഭാവി അപകടത്തിലാണെന്നും മുന്നറിയിപ്പ് നല്‍കി.
‘കാഴ്ച്ചയില്‍ ഭാവി പോലും കാണാന്‍ കഴിയാത്ത ഒരു തലമുറയിലെ മുഴുവന്‍ കുട്ടികളുമാണിത്. ലോകം ഇവരെ സംരക്ഷിക്കണം. നമ്മള്‍ ഇവരെ സംരക്ഷിക്കണം. ഇവരാണ് നമ്മുടെ ഭാവി. കുട്ടികള്‍ പുഞ്ചിരിക്കുമ്പോള്‍ അവരുടെ കണ്ണിലെ ശൂന്യതയാണ് ഞാന്‍ കാണുന്നത്’, പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. 2017ന്റെ ആദ്യ പകുതിയിൽ മ്യാന്മറിലെ റാഖിനെയിൽ നിന്ന് ഏഴ് ലക്ഷത്തോളം റോഹിങ്ക്യനുകളാണ് അതിർത്തി കടന്ന് ബംഗ്ളാദേശിലെത്തിയത്. ഇതിൽ 60 പേരും കുട്ടികളാണ്. എന്നാൽ അവർക്ക് സുരക്ഷിതമായ ഇടം ലഭിച്ചിട്ടില്ല.
യുനെസ്കോയുമായി കൈകോര്‍ത്ത് കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന പ്രിയങ്ക കഴിഞ്ഞ വര്‍ഷം ജോര്‍ദ്ദാനില്‍ സിറിയന്‍ അഭയാര്‍ത്ഥികളെ സന്ദര്‍ശിച്ചിരുന്നു. ബംഗ്ലാദേശിലെ കുട്ടികളോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ പ്രിയങ്ക യൂനിസെഫ് നടത്തുന്ന മെഡിക്കല്‍ ക്ലിനിക്കുകളും സന്ദര്‍ശിച്ചു. ടെക്നാഫിലേയും ബലുഖാലിലേയും റോഹിങ്ക്യന്‍ ക്യാംപുകള്‍ പ്രിയങ്ക സന്ദര്‍ശിക്കും.