/indian-express-malayalam/media/media_files/uploads/2018/07/savarkar-nehru.jpg)
പനാജി: ഗോവയിലെ പത്താം ക്ലാസ് സോഷ്യല്‍ സയന്‍സ് പാഠപുസ്തകത്തില്‍ മുന്‍ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്റുവിന് പകരം ആര്‍എസ്എസ് നേതാവായിരുന്ന വിഡി സവര്‍ക്കറുടെ ചിത്രം ഉള്‍പ്പെടുത്തിയെന്ന് ആരോപണം. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ എന്‍എസ്യുവാണ് ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തിയത്. പണ്ഡിറ്റ് നെഹ്റുവിന്റെ ചിത്രം നീക്കം ചെയ്തത് നിര്‍ഭാഗ്യകരമായ സംഭവമാണെന്നും എന്‍എസ്യു ഗോവന്‍ നേതാവ് അഹ്റാസ് മുല്ല പറഞ്ഞു.
പത്താം ക്ലാസിലെ സാമൂഹ്യപാഠം പുസ്തകത്തിലെ 68 ആം പേജില്‍ നെഹ്റുവും മൗലാനാ അബ്ദുല്‍ കലാം ആസാദും മഹാത്മാഗാന്ധിയും മഹാരാഷ്ട്രയിലെ സേവാഗ്രാം ആശ്രമത്തില്‍ നില്‍ക്കുന്ന ഒരു ചിത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഈ പേജില്‍ നെഹ്റുവിന്റെ ചിത്രം മാറ്റി പകരം സവര്‍ക്കറുടെ ചിത്രം ചേര്‍ത്തുവെന്നാണ് അഹ്‌റാസിന്റെ ആരോപണം.
സ്വാതന്ത്ര്യ സമരത്തില്‍ കോണ്‍ഗ്രസിനുള്ള പങ്ക് മറച്ചുവയ്ക്കാനും ഇന്ത്യയുടെ ചരിത്രം തന്നെ തിരുത്താനുമുള്ള ബിജെപിയുടെ ശ്രമത്തിന്റെ ഭാഗമാണ് പുതിയ നീക്കമെന്നും അഹ്‌റാസ് ആരോപിച്ചു. നാളെ അവര്‍ മഹാത്മാ ഗാന്ധിയുടെ ചിത്രം നീക്കം ചെയ്ത ശേഷം കഴിഞ്ഞ അറുപത് വര്‍ഷം കോണ്‍ഗ്രസ് എന്താണ് രാജ്യത്തിന് വേണ്ടി ചെയ്തതെന്ന് ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിരവധി കോണ്‍ഗ്രസ് നേതാക്കളുടെയും പൂര്‍വികരുടെയും ശ്രമഫലമായി ലഭിച്ച സ്വാതന്ത്ര്യത്തിന്റെ ചരിത്രം ഇക്കൂട്ടര്‍ തിരുത്തില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.