ജയ്‌പൂര്‍: ബ്രിട്ടീഷുകാര്‍ക്ക് മാപ്പ് എഴുതി നല്‍കി ജയിൽ മോചിതനായ സവര്‍ക്കറിനെ ‘വീര്‍ സവര്‍ക്കര്‍’ എന്ന് വിശേഷിപ്പിക്കാനാവില്ലെന്ന് രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. പാഠപുസ്തകങ്ങളില്‍ നിന്ന് ‘വീര്‍ സവര്‍ക്കര്‍’ എന്ന വിശേഷണം അശോക് ഗെഹ്‌ലോട്ട് നേതൃത്വം നല്‍കുന്ന രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ എടുത്തുകളഞ്ഞു. സംസ്ഥാനത്ത് മുന്‍പ് ഭരിച്ചിരുന്ന എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ടുവന്ന പാല കാര്യങ്ങളും ചരിത്ര സംഭവങ്ങളും രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തിരുത്തിയിരുന്നു. ആ തിരുത്തിലിന്റെ തുടര്‍ച്ചയാണ് സവര്‍ക്കറിന് ‘വീര്‍’ നഷ്ടമായത്.
Read Also: ഹിന്ദുത്വവാദവും ഹിന്ദുയിസവും തമ്മിലുള്ള യുദ്ധം ആസന്നമാണ്
പാഠപുസ്തകങ്ങളില്‍ ‘വീര്‍ സവര്‍ക്കര്‍’ എന്ന അഭിസംബോധനയോടെ ചിത്രീകരിച്ചിരിക്കുന്നതെല്ലാം സര്‍ക്കാര്‍ തിരുത്തി. ഇപ്പോള്‍ വി.ഡി.സവര്‍ക്കാര്‍ എന്ന് മാത്രമാണ് ഉള്ളത്. രാജസ്ഥാന്‍ സ്റ്റേറ്റ് ടെക്സ്റ്റ്ബുക്ക് ബോര്‍ഡ് പുറത്തിറക്കിയ പുതിയ ടെക്സ്റ്റ് ബുക്കുകളിലാണ് തിരുത്തല്‍ കൊണ്ടുവന്നിരിക്കുന്നത്. ഫെബ്രുവരി 13 ന് ചേര്‍ന്ന റിവ്യൂ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണിത്. സവര്‍ക്കര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് വേണ്ടി ചെയ്ത കാര്യങ്ങളാണ് പാഠഭാഗത്ത് വിവരിക്കുന്നത്. ഈ ഭാഗത്ത് ‘വീര്‍ സവര്‍ക്കര്‍’ എന്നാണ് സവര്‍ക്കറിന് നല്‍കിയിരിക്കുന്ന സംബോധന. പുതിയ പുസ്തകത്തില്‍ നിന്ന് ഇത് നീക്കം ചെയ്തു. വീര്‍ സവര്‍ക്കറിന് പകരം ഇപ്പോള്‍ ഉള്ളത് ‘വിനായക് ദാമോദര്‍ സവര്‍ക്കര്‍’ എന്ന് മാത്രം.
Read Also: മോദിയെ പ്രചോദിപ്പിച്ച സവർക്കറുടെ പുസ്തകം, ന്യൂനപക്ഷ വിദ്വേഷത്തിന്റെ അക്ഷരക്കൂട്ടെന്ന് വിമർശനം
പുതിയ പുസ്തകത്തില്‍ സവര്‍ക്കര്‍ ബ്രിട്ടീഷ് അധികൃതര്‍ക്ക് തന്നെ മോചിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് മാപ്പ് അപേക്ഷിച്ചുകൊണ്ട് കത്തുകള്‍ നല്‍കിയതായി പറയുന്നു. സ്വയം ‘Son of Portugal’ (പോർച്ചുഗലിന്റെ മകന്‍) എന്നാണ് വി.ഡി.സവര്‍ക്കര്‍ വിശേഷിപ്പിക്കുന്നത്. ആന്‍ഡമാന്‍ സെല്ലുലാര്‍ ജയിലില്‍ നിന്നുള്ള മോചനത്തിനായി 1911ല്‍ നാല് മാപ്പപേക്ഷകള്‍ ബ്രിട്ടീഷ് അധികൃതര്‍ക്ക് സവര്‍ക്കര്‍ നല്‍കിയതായും പറയുന്നുണ്ട്. ജയില്‍ മോചിതനായ ശേഷം സവര്‍ക്കര്‍ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുക എന്ന ലക്ഷ്യവുമായി പ്രവര്‍ത്തിച്ചു. 1942ല്‍ ക്വിറ്റ് ഇന്ത്യ സമരത്തെ എതിര്‍ത്തു. പാക്കിസ്ഥാൻ രൂപീകരിക്കുന്നതിനെ അനുകൂലിച്ചു. ഗാന്ധി വധക്കേസിൽ പ്രതിയായി തുടങ്ങിയ കാര്യങ്ങളും പുസ്തകത്തിൽ പ്രതിപാദിക്കുന്നു.
12-ാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് ടെക്സ്റ്റ് ബുക്കിലും കാതലായ മാറ്റം വരുത്തിയിട്ടുണ്ട്. ഭീകരവാദവും അഴിമതിയുമായി ബന്ധപ്പെട്ട പാഠത്തില്‍ നോട്ട് നിരോധനത്തെ മഹത്തായ സംഭവമായി വിവരിക്കുന്നുണ്ടായിരുന്നു. ഇത് ഇപ്പോഴത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പൂര്‍ണമായും തിരുത്തി. പാഠത്തില്‍ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട എല്ലാ ഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്.