ന്യൂഡല്‍ഹി: ഹിന്ദു മഹാസഭ നേതാവ് വിനായക് ദാമോദര്‍ സവര്‍ക്കറും ഗാന്ധി ഘാതകന്‍ നാഥുറാം ഗോഡ്‌സെയും തമ്മില്‍ സ്വവര്‍ഗലൈംഗിക ബന്ധമുണ്ടായിരുന്നു എന്ന പരാമര്‍ശത്തിനെതിരെ ബിജെപി രംഗത്ത്. കോണ്‍ഗ്രസ് പോഷക സംഘടനയായ ‘സേവാദള്‍’ പുറത്തിറക്കിയ ലഘുലേഖയിലെ പരാമര്‍ശങ്ങള്‍ അത്യന്തം വൃത്തികെട്ട രീതിയിലുള്ളതാണെന്ന് ബിജെപി പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഏതൊക്കെ തരത്തില്‍ ആരോടൊക്കെ ബന്ധങ്ങള്‍ ഉണ്ടെന്ന് ലോകത്ത് എല്ലാവര്‍ക്കും അറിയാമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി അനില്‍ ജെയിന്‍ പറഞ്ഞു. സവര്‍ക്കറിനെ പോലെ കോണ്‍ഗ്രസില്‍ ഒരു നേതാവും കഷ്ടപ്പെട്ടിട്ടില്ല. സഹനങ്ങള്‍ ഏറ്റെടുത്തിട്ടില്ല. ഹിന്ദുത്വയുടെ മുഖമാണ് സവര്‍ക്കര്‍. സവര്‍ക്കറെ കുറിച്ച് മോശം പരാമര്‍ശം നടത്തിയതില്‍ കോണ്‍ഗ്രസ് മറുപടി പറയണമെന്നും അനില്‍ ജെയിന്‍ ആവശ്യപ്പെട്ടു.
Read Also: പൗരത്വ നിയമത്തെ എതിര്‍ക്കണം; മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് പിണറായി വിജയന്‍ കത്തയച്ചു
സവര്‍ക്കറെ ഇത്രയും മോശമായ രീതിയില്‍ അവതരിപ്പിച്ച കോണ്‍ഗ്രസിന് അവരോട് തന്നെ ലജ്ജ തോന്നണമെന്ന് ആഭ്യന്തരമന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷാ പറഞ്ഞു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനുവേണ്ടി മാത്രമാണ് ഇത്രയും മഹാന്‍മാരായ നേതാക്കളെ കോണ്‍ഗ്രസ് പരിഹസിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നതെന്നും ഷാ പറഞ്ഞു.
മഹാരാഷ്ട്രയില്‍ സഖ്യകക്ഷിയായ ശിവസേനയും കോണ്‍ഗ്രസിനെതിരെ രംഗത്തുവന്നു. സവര്‍ക്കര്‍ മഹാനായ മനുഷ്യനാണ്. എന്നും എപ്പോഴും അങ്ങനെ തന്നെയാണ്. സവര്‍ക്കറെ പോലുള്ള ഒരു മനുഷ്യനെ കുറ്റപ്പെടുത്തുന്നതിലൂടെ അവരുടെ മനസ്സിലെ അഴുക്കാണ് പുറത്തുവരുന്നത് ശിവസേന എംപി സഞ്ജയ് റാവത്ത് പറഞ്ഞു.
Read Also: 2020 ൽ റൊണാൾഡോയ്ക്ക് തകർക്കാൻ സാധിക്കുന്ന റെക്കോർഡുകൾ
സവര്‍ക്കറും ഗോഡ്‌സെയും സ്വവര്‍ഗാനുരാഗത്തിലായിരുന്നു എന്ന് പരാമര്‍ശിച്ചുള്ള ലഘുലേഖ മഹാരാഷ്ട്രയിലെ ക്യാംപസില്‍ വിതരണം ചെയ്തതോടെയാണ് വിവാദം ആളികത്തിയത്. ആൻഡമാൻ സെല്ലുലാർ ജയിലിൽ നിന്ന് പുറത്തിറങ്ങിയശേഷം ബ്രിട്ടീഷുകാരിൽ നിന്ന് സവർക്കാർ പണം വാങ്ങിയെന്നും ലഘുലേഖയിൽ പറയുന്നു.
സവർക്കറെ അപമാനിച്ച കോൺഗ്രസുമായുള്ള ബന്ധം ഉപേക്ഷിക്കാൻ ശിവസേന തയാറാകണമെന്ന് ബിജെപി നേതാവ് ഉമാഭാരതി ശിവസേനാ തലവനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയോട് ആവശ്യപ്പെട്ടു. അധികാരമാണോ അതോ വീര സവർക്കറോടുള്ള ആദരവാണോ വലുതെന്ന് ശിവസേന തീരുമാനിക്കണമെന്നും ഉമാഭാരതി പറഞ്ഞു.