ന്യൂഡൽഹി: മനീഷ് സിസോദിയയ്ക്കും സത്യേന്ദ്ര ജെയിനിനും പകരക്കാരായി സൗരഭ് ഭരദ്വാജും ആതിഷിയും ഡൽഹി കാബിനറ്റിലെത്തിയേക്കുമെന്ന് സർക്കാർ വൃത്തങ്ങളിൽനിന്ന് ദി ഇന്ത്യൻ എക്സ്പ്രസിനു വിവരം ലഭിച്ചു. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ രാജിയെ തുടർന്ന് മന്ത്രി രാജ് കുമാർ ആനന്ദിന് വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുടെ അധിക ചുമതല നൽകി.
മദ്യനയ അഴിമതിക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്നാണ് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിനും രാജിവച്ചത്. മദ്യനയക്കേസില്‍ സിബിഐ അറസ്റ്റ് ചോദ്യം ചെയ്ത് മനീഷ് സിസോദിയ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജി പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച് കേസില്‍ ഇടപെടാന്‍ വിസമ്മതിച്ചു. ആദ്യം ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് സിസോദിയ പിന്നീട് ഹര്‍ജി പിന്‍വലിച്ചിരുന്നു.
ഞായറാഴ്ച എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണു സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. ഡൽഹി റോസ് അവന്യു കോടതി അദ്ദേഹത്തെ അഞ്ചു ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടിരുന്നു. വിശദമായ ചോദ്യം ചെയ്യലിനു കസ്റ്റഡിയിൽ വിടണമെന്ന ആവശ്യം ജഡ്ജി എൻ.കെ.നാഗ്പാൽ അംഗീകരിക്കുകയായിരുന്നു. കേസില്‍ രണ്ടാം തവണയാണു സിസോദിയയെ ചോദ്യം ചെയ്യുന്നത്. ഒക്ടോബര്‍ 17 നാണ് ആദ്യം ചോദ്യം ചെയ്തത്. കള്ളപ്പണക്കേസിലാണ് സത്യേന്ദ്ര ജെയിനിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.