ബാങ്കോക്ക്: ക്രൂരമായ പീഡനങ്ങൾ സഹിക്കാൻ കഴിയാതെയാണ് വീട്ടിൽനിന്നും ഒളിച്ചോടിയതെന്ന് സൗദി യുവതി. 18 കാരിയായ റഹഫ് മുഹമ്മദ് അൽഖ്വനൻ ആണ് സൗദിയിൽനിന്നും തായ്‌ലൻഡിൽ അഭയം തേടിയത്. വിനോദയാത്രയ്ക്ക് കുടുംബത്തോടൊപ്പം കുവൈത്തിൽ എത്തിയപ്പോഴാണ് അൽഖ്വനൻ അവിടെനിന്നും രക്ഷപ്പെട്ട് തായ്‌ലൻഡിൽ എത്തിയത്. ഇവിടെനിന്നും ഓസ്ട്രേലിയയ്ക്ക് കടക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ ബാങ്കോക്കിലെ വിമാനത്താവളത്തിൽവച്ച് അധികൃതർ അൽഖ്വനനെ പിടികൂടി.

”ബാങ്കോക്ക് വിമാനത്താവളത്തിൽ എത്തിയപ്പോൾ എന്റെ പേരെഴുതിയ പ്ലക്കാർഡുമായി ഒരാൾ കാത്തുനിൽപ്പുണ്ടായിരുന്നു. തായ് വിസ കിട്ടാൻ സഹായിക്കാമെന്ന് പറഞ്ഞ് അയാൾ എന്റെ പാസ്പോർട്ടുമായി കടന്നുകളഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ മറ്റു ചിലരെയും കൂട്ടി അയാൾ വന്നു. അതിൽ തായ് സുരക്ഷാ ജീവനക്കാരും കുവൈത്ത് എയർവൈൻസ് അധികൃതരും ഉണ്ടായിരുന്നു. എന്റെ കുടുംബം എന്നെ കാൺമാനില്ലെന്ന് പരാതിപ്പെട്ടിട്ടുണ്ട്. അതിനാൽ തിങ്കളാഴ്ച കുവൈത്തിലേക്ക് മടങ്ങേണ്ടി വരും,” അൽഖ്വനൻ പറഞ്ഞു.

മടങ്ങി പോയാൽ തന്റെ ജീവന് ഭീഷണിയുണ്ടാകുമെന്നും, ഇപ്പോൾ ബാങ്കോക്ക് വിമാനത്താവളത്തിന് സമീപത്തെ ഹോട്ടലിലാണ് താനെന്നും, ഇവിടെ നിന്നും പുറത്തിറങ്ങാൻ അനുവദിക്കുന്നില്ലെന്നും അൽഖ്വൻ പറഞ്ഞു. അൽഖ്വനനെ അഭയകേന്ദ്രത്തിലേക്ക് മാറ്റുകയോ ഓസ്ട്രേലിയയിലേക്ക് പോകാൻ അനുവദിക്കുകയോ ചെയ്യണമെന്ന് തായ് സർക്കാരിനോട് മനുഷ്യാവകാശ പ്രവർത്തകർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി യുണൈറ്റഡ് നേഷൻസ് റെഫ്യൂജി ഏജൻസിയോട് സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.

സൗദി വനിതകൾക്ക് കുടുംബത്തിൽ നിന്നും കടുത്ത പീഡനങ്ങളാണ് നേരിടേണ്ടി വരുന്നതെന്ന് ഹൂമൺ റൈറ്റസ് വാച്ചിന്റെ മിഡിൽ ഈസ്റ്റ് ഡയറക്‌ടർ മൈക്കൾ പേജ് പറഞ്ഞു. അതിനാൽ ഇവരെ തിരിച്ചയക്കാതിരിക്കാൻ തായ് അധികൃതർ ശ്രമിക്കണമെന്നും മൈക്കിൾ പേജ് പറഞ്ഞു.

സൗദി അറേബ്യയിലെ ഹെയ്ൽ നഗരത്തിലാണ് എന്റെ കുടുംബം താമസിക്കുന്നത്. വീട്ടിൽ നിന്ന് കടുത്ത പീഡനമാണ് നേരിടേണ്ടി വരുന്നതെന്ന് അൽഖ്വനൻ പറഞ്ഞു. വീട്ടുകാർക്ക് ഇഷ്ടമല്ലാത്ത രീതിയിൽ മുടി മുറിച്ചതിന്റെ പേരിൽ ആറ് മാസമാണ് തന്നെ മുറിയിൽ പൂട്ടിയിട്ടതെന്നും, സഹോദരൻ തന്നെ നിരന്തരം മർദ്ദിക്കാറുണ്ടെന്നും വീട് ജയിൽ പോലെയാണെന്നും അൽഖ്വനൻ പറഞ്ഞു.

എനിക്ക് സ്വന്തമായി തീരുമാനം എടുക്കാനാവില്ല, മുടി മുറിക്കുന്നതിന് പോലും സ്വാതന്ത്ര്യമില്ല. 16-ാം വയസ്സിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. കുടുംബത്തിൽനിന്നുള്ള പീഡനം മൂലമാണ് രക്ഷപ്പെടാൻ ശ്രമിച്ചതെന്നും അൽഖ്വനൻ പറഞ്ഞു.

സൗദിയിലെ നിയമപ്രകാരം 18 വയസ്സുള്ള സ്‌ത്രീകൾക്ക് പോലും സ്വന്തമായി സൗദിക്ക് പുറത്തേക്ക് യാത്ര ചെയ്യാനാവില്ല. പിതാവോ, ഭർത്താവോ, മകനോ കൂടെയുണ്ടെങ്കിൽ മാത്രമേ സ്ത്രീക്ക് സൗദിക്ക് പുറത്തേക്ക് യാത്ര ചെയ്യാനാകുകയുള്ളൂ.

കുടുംബത്തോടോപ്പം കുവൈത്തിലെത്തിയപ്പോഴാണ് അൽഖ്വനൻ രക്ഷപ്പെടാൻ ശ്രമിച്ചത്. ശനിയാഴ്ച തായലൻഡിലേക്ക് പറന്ന അൽഖ്വനൻ അവിടെ ഒരു ഹോട്ടലിൽ തങ്ങി വിദേശത്തേക്ക് കടക്കാനാണ് ശ്രമിച്ചത്. എന്നാൽ തായ് വിസ ലഭിക്കുന്നതിന് വേണ്ട പണവും രേഖകളും അൽഖ്വനന്റെ പക്കൽ ഇല്ലാത്തതിനാലാണ് തായ്‌ലൻഡിൽ തങ്ങാനോ ഓസ്ട്രേലിയിലേക്ക് കടക്കാനോ കഴിയാത്തതെന്നും ഇതിനാൽ അൽഖ്വനനെ കുവൈത്തിലേക്ക് തായ് അധികൃതർക്കൊപ്പം തിരച്ചയയ്ക്കുമെന്നും തായ്‌ലൻഡ് ഇമിഗ്രേഷൻ ഏജൻസിയുടെ തലവനായ സുരാചാട്ടേ ഹാക്‌പാർൻ പറഞ്ഞു.

തായ്‌ലൻഡിന്റെ നിയമങ്ങൾ ലംഘിച്ചതിന് അൽഖ്വനനെ വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തതായി ബാങ്കോക്കിലെ സൗദി അറേബ്യ അംബാസിഡർ അബ്ദുള്ള അൽല അൽ ഷുഐബി പറഞ്ഞു. എയർപോർട്ടിൽ അവരെ തടയാൻ എംബസിക്ക് അധികാരം ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ തായ് അധികൃതരും സൗദി അധികൃതരും ഒത്തുകളിക്കുകയാണെന്നാണ് അൽഖ്വനൻ പറയുന്നത്. ഒരു ഘട്ടത്തിൽ തായ് ഭാഷയിലെഴുതിയ എന്തോ രേഖയിൽ തന്നെ കൊണ്ട് ഒപ്പുവയ്പിച്ചു. കൂടാതെ തന്റെ പാസ്പ്പോർട്ട് കുവൈത്ത് അധികൃതരെ ഏൽപ്പിച്ചെന്നും അൽഖ്വനൻ പരാതി പറഞ്ഞു.

സൗദിയിൽ തിരച്ചെത്തിയാൽ വീട്ടുകാരെ നിഷേധിച്ചതിനും, സൗദി രാജ്യത്തിന് കളങ്കം വരുത്തിയതിനും അൽഖ്വനന്റെ പേരിൽ ക്രിമിനൽ കേസെടുക്കാൻ സാധ്യതയുണ്ടെന്നാണ് ഹ്യൂമൻ റൈറ്റ്സ് വാച്ച് പറയുന്നത്. സൗദി അറേബ്യയിൽ പുരുഷൻമാർ കുടുംബത്തിന്റെ രക്ഷാധികാരികളായി സ്വയം കരുതുകയും വീട്ടിലെ സ്ത്രീകളെ ശിക്ഷിക്കുകയും ചെയ്യാറുണ്ട്. ചിലപ്പോൾ മരണത്തിൽ കലാശിക്കുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്.

ഞാൻ രക്ഷപ്പെടാൻ ശ്രമിച്ചതിനാൽ, യുക്തിവാദിയാണെന്ന് പ്രഖ്യാപിച്ചതിനാലും, പ്രാർഥിക്കാനും പർദ ധരിക്കാനും വിസമ്മതിച്ചതിനാലും എന്നെ അവർ കൊല്ലുമെന്ന് അൽഖ്വനൻ ട്വിറ്ററിൽ കുറിച്ചിരുന്നു. മറ്റുള്ളവരുടെ സഹായവും പിന്തുണയും അൽഖ്വനൻ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook