ന്യൂഡല്‍ഹി: കാനഡയില്‍ അഭയം തേടിയ സൗദി പെണ്‍കുട്ടി റഹാഫ് മുഹമ്മദ് അല്‍ഖ്വനന്‍ തന്റെ വംശനാമം ഉപേക്ഷിച്ചു. ഇനി മുതല്‍ റഹാഫ് മുഹമ്മദ് എന്ന് മാത്രമായിരിക്കും പെണ്‍കുട്ടി അറിയപ്പെടുക. ചൊവ്വാഴ്ച പത്രസമ്മേളനത്തിനിടെയാണ് റഹാഫ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. തന്റെ കൈയ്യില്‍ എടുത്തിരുന്ന പേപ്പറിലെ പ്രസ്താവനയാണ് റഹാഫ് വായിച്ചത്.
‘നിങ്ങളോട് എല്ലാവരോടും നന്ദി പറഞ്ഞ് ഞാന്‍ തുടങ്ങുന്നു. ഭാഗ്യവാന്മാരില്‍ ഒരാളാണ് ഞാന്‍. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ എന്നെന്നേക്കുമായി അപ്രത്യക്ഷരായിപ്പോയ നിര്‍ഭാഗ്യവാന്മാരെ കുറിച്ച് എനിക്ക് അറിയാം. സൗദിയുടെ ഉപദ്രവം കാരണം ഇനിയും പെണ്‍കുട്ടികള്‍ ഒളിച്ചോടും. എന്റെ കഥ മറ്റുളളവര്‍ക്ക് ധൈര്യം നല്‍കുകയും പ്രചോദനം നല്‍കുകയും ചെയ്യട്ടേയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു,’ റഹാഫ് പറഞ്ഞു. വളരെ ആത്മവിശ്വാസത്തോടെയായിരുന്നു റഹാഫ് വാര്‍ത്താസമ്മേളനത്തില്‍ കാണപ്പെട്ടത്.
കുടുംബം പീഡിപ്പിക്കുന്നുവെന്നാരോപിച്ച് സൗദി അറേബ്യ വിട്ട് തായ്‌ലൻഡിലെത്തിയ പെണ്‍കുട്ടിക്ക് പിന്നീട് കാനഡ അഭയം നല്‍കുകയായിരുന്നു. ജനപ്രിയയായ വിദേശകാര്യ മന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ് ആണ് റഹാഫ് മുഹമ്മദ് അല്‍ഖ്വനന്‍ എന്ന 18കാരിയെ സ്വീകരിക്കാനെത്തിയത്. ‘കാനഡ’ എന്ന് എഴുതിയ സ്വെറ്റ്ഷര്‍ട്ട് ഇട്ടായിരുന്നു റഹാഫ് കാനഡയിലെത്തിയത്.
ക്രിസ്റ്റിയ ആലിംഗനം ചെയ്താണ് റഹാഫിനെ സ്വീകരിച്ചത്. മാധ്യമങ്ങളുടെ ക്യാമറകള്‍ നോക്കി ചിരിച്ചു കൊണ്ടാണ് റഹാഫ് എത്തിയത്. ‘വളരെ തന്റേടിയായ പുതിയ കാനഡക്കാരി’ എന്ന് പറഞ്ഞാണ് ക്രിസ്റ്റിയ റഹാഫിനെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചത്. ‘ഒരാളെ നമുക്ക് രക്ഷിക്കാന്‍ കഴിയുമെങ്കില്‍, ഒരു സ്ത്രീയെ രക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത് വളരെ നല്ല കാര്യമാണ്,’ ക്രിസ്റ്റിയ പറഞ്ഞു.
ഇനി ഒരിക്കലും സൗദിയിലേക്ക് പോകില്ലെന്നും നിര്‍ബന്ധിച്ച് തിരിച്ചയച്ചാല്‍ താന്‍ കൊല്ലപ്പെടുമെന്നും യുവതി തായ് പൊലീസിനോട് പറഞ്ഞിരുന്നു. തുടര്‍ന്നാണ് യുഎന്‍ ഇടപെട്ടതും കാനഡ അഭയം നല്‍കാമെന്ന് പറഞ്ഞതും. തൊട്ടുപിന്നാലെ ബാങ്കോക്കില്‍ നിന്നുള്ള വിമാനത്തില്‍ യുവതി കാനഡയിലേക്ക് പറന്നു. കാനഡയും സൗദിയും തമ്മില്‍ ബന്ധം വഷളായിരിക്കെയാണ് പുതിയ സംഭവവികാസങ്ങള്‍. വനിതാ ആക്ടിവിസ്റ്റുകളുടെ വിഷയത്തില്‍ കാനഡ ഇടപെട്ടതാണ് സൗദിയുമായുള്ള ബന്ധം വഷളാകാന്‍ കാരണം. പുതിയ സംഭവത്തോടെ കുടുംബ കലഹം രാജ്യങ്ങള്‍ തമ്മിലുള്ള കലഹമായി വിഷയം മാറുമോ എന്ന ആശങ്ക പരന്നിട്ടുണ്ട്.
കഴിഞ്ഞാഴ്ചയാണ് പെണ്‍കുട്ടി സൗദി വിട്ട് ഒളിച്ചോടിയത്. കുടുംബത്തോടൊപ്പം കുവൈത്തിലെത്തിയ വേളയിലായിരുന്നു ആരുമറിയാതെ തായ്‌ലൻഡിലേക്ക് കടന്നത്. ഓസ്‌ട്രേലിയയിലേക്ക് കടക്കാനായിരുന്നു നീക്കം. എന്നാല്‍ തായ് പൊലീസ് ബാങ്കോക്ക് വിമാനത്താവളത്തില്‍ വച്ച് പിടികൂടി.
ബാങ്കോക്കിലെ ഹോട്ടലില്‍ കയറി വാതിലടച്ച യുവതി, തന്നെ സൗദിയിലേക്ക് തിരിച്ചയക്കരുതെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് സോഷ്യല്‍ മീഡിയ വഴി സംഭവത്തിന് വന്‍ പ്രചാരം ലഭിച്ചു. ഇതോടെയാണ് യുഎന്നും മനുഷ്യാവകാശ സംഘടനകളും വിഷയത്തില്‍ ഇടപെട്ടത്. കുടുംബം തന്നെ കൊല്ലുമെന്നാണ് യുവതി പറഞ്ഞത്.