തിരുവനന്തപുരം: അന്താരാഷ്ട്ര വിപണിയിൽ എണ്ണ വിലയിൽ കനത്ത ഇടിവുണ്ടാകാനുളള സാധ്യത മുന്നിൽ കണ്ട് ഉൽപ്പാദനം കുറയ്ക്കാൻ സൗദി അറേബ്യ തീരുമാനിച്ചു. ഇറാനെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഇവിടെ നിന്നും എണ്ണ വാങ്ങേണ്ടെന്ന നിലപാടിലേക്ക് ഇന്ത്യ എത്തിയിരുന്നു.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞതിനെ തുടർന്ന് ഇന്ത്യയിൽ ഒരാഴ്ചയായി വില കുറഞ്ഞുവരികയായിരുന്നു. അവധി വ്യാപാരത്തിൽ ക്രൂഡ് ഓയിൽ വിലയിൽ ബാരലിന് പത്ത് ഡോളറിനടുത്ത് വില ഇടിഞ്ഞു. ഇപ്പോൾ 76 ഡോളറിനടുത്താണ് ക്രൂഡ് ഓയിൽ വില.
ഇറാന് മേൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധത്തിന് പിന്നാലെ ഉണ്ടായ പ്രതിസന്ധി മറികടക്കാൻ ഇന്ത്യയ്ക്ക് സൗദി സഹായം നൽകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. നവംബർ മുതൽ ഇന്ത്യയിലെ എണ്ണക്കമ്പനികൾക്ക് 40 ലക്ഷം ബാരൽ അധിക എണ്ണ നൽകാമെന്ന് സൗദി സമ്മതിച്ചിരുന്നു.
ഇറാനിൽ നിന്ന് ഏറ്റവുമധികം എണ്ണ ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ചൈനയാണ് ഒന്നാം സ്ഥാനത്ത്. പെട്രോളിയം കയറ്റുമതി ചെയ്യുന്നതിൽ മൂന്നാം സ്ഥാനത്താണ് ഇറാൻ.
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ, ഭാരത് പെട്രോളിയം കോർപറേഷൻ, മാംഗളൂർ റിഫൈനറി പെട്രോകെമിക്കൽസ് ലിമിറ്റഡ് എന്നിവരാണ് പത്ത് ലക്ഷം വീതം ബാരൽ ക്രൂഡ് ഓയിൽ അധികമായി ഇറക്കുമതി ചെയ്യുന്നത്.
നവംബറിൽ 90 ലക്ഷം ബാരൽ ക്രൂഡ് ഓയിലിനാണ് ഇന്ത്യയിൽ നിന്നുളള കമ്പനികൾ ഇറാനിൽ നിന്ന് ഇറക്കുമതി ചെയ്യാൻ ഓർഡർ കൊടുത്തത്. ഇപ്പോൾ ഇറാനിൽ നിന്നും സൗദിയിൽ നിന്നും എണ്ണ ലഭിച്ചേക്കില്ലെന്ന നിലയിലേക്ക് കാര്യങ്ങളെത്തും. രാജ്യത്ത് കടുത്ത എണ്ണ പ്രതിസന്ധിക്ക് ഇത് കാരണമാകും.
അന്താരാഷ്ട്ര വിപണിയിൽ 140 ഡോളർ വരെയെത്തിയ ക്രൂഡ് ഓയിൽ വില ക്രമാതീതമായി കുറയുന്നത് രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതിയെ കാര്യമായി ബാധിക്കുമെന്നാണ് സൗദി ഉൾപ്പടെ ഒപെക് കൂട്ടായ്മയുടെ ആശങ്ക. ഇറാൻ കഴിഞ്ഞാൽ എണ്ണ ഉൽപ്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമാണ് സൗദി അറേബ്യ.
ഇറാന് മേലുളള അമേരിക്കയുടെ ഉപരോധം നവംബർ നാലിന് നിലവിൽ വരും. ഉപരോധം മുന്നിൽ കണ്ട് എണ്ണ ഉപഭോഗത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങൾ ഉപഭോഗം കുറയ്ക്കാനുളള സാധ്യതയുണ്ട്. ഉൽപ്പാദനം കുറച്ച് ക്ഷാമം വരുത്തുകയും പിന്നാലെ ക്രൂഡ് ഓയിൽ വില വർദ്ധിപ്പിക്കാനുമാണ് സൗദിയുടെ നീക്കം. ഒരാഴ്ചയായി താഴുന്ന എണ്ണ വില വീണ്ടും കുതിച്ചുയരുമെന്ന സൂചനയാണ് ഇത് നൽകുന്നത്. ഇതോടെ രാജ്യത്ത് വിലക്കയറ്റത്തിന് സാഹചര്യമൊരുങ്ങുകയും ജനജീവിതം ദുസ്സഹമാവുകയും ചെയ്യും.