ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ സന്ദര്‍ശിച്ച് മടങ്ങിയ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് പാക്കിസ്ഥാന്‍ നല്‍കിയ ഉപഹാരം സ്വര്‍ണം കൊണ്ട് കെട്ടിയ തോക്ക്. ഗാര്‍ഡിയനാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജെർമൻ എൻജിനീയർമാർ വികസിപ്പിച്ചെടുത്ത ഹെക്ലർ ആൻഡ് കോച്ച് എംപി 5 എന്ന സബ് മെഷീൻ തോക്കാണ് പാക് സെനറ്റ് ചെയർമാൻ അദ്ദേഹത്തിന് സമ്മാനിച്ചത്. ഒപ്പം മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഛായാചിത്രവും സമ്മാനിച്ചു.

റാവൽപിണ്ടിയിലുള്ള സൈനിക വിമാനത്താവളത്തിലെത്തിയ സൗദി കിരീടാവകാശിയെ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും സൈനിക തലവൻ ജാവേദ് ബജ്വയും ചേർന്നാണ് സ്വീകരിച്ചത്. 20 ബില്യൺ ഡോളറിന്റെ സാമ്പത്തിക കരാർ ആണ് സൗദി അറേബ്യയും പാക്കിസ്ഥാനും തമ്മിൽ ഒപ്പിട്ടത്. ഇത് ഒരു തുടക്കം മാത്രമാണെന്നും വരും മാസങ്ങളിൽ കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നും സൗദി കിരീടാവകാശി വ്യക്തമാക്കി. ഏഴോളം കരാറുകളാണ് ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പ് വച്ചിരിക്കുന്നത്.

ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ സന്ദർശനത്തിന്റെ ഭാഗമായാണ് സൗദി കിരീടാവകാശി പാക്കിസ്ഥാനിലെത്തിയത്. സൗദിയില്‍ തടവില്‍ കഴിയുന്ന 2,107 പാക്കിസ്ഥാന്‍ തടവുകാരെ മോചിപ്പിക്കാന്‍ സൗ​ദി കി​രീ​ട​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ ഉത്തരവിട്ടിരുന്നു. ബാക്കിയുളള പാക് തടവുകാരുടെ കേസുകള്‍ കൂടി പുനഃപരിശോധിക്കും. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അപേക്ഷയെ തുടര്‍ന്നാണ് സൗദിയുടെ നടപടി.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ