റിയാദ്: ഖത്തറുമായുള്ള നയതന്ത്ര ബന്ധം സൗദി അറേബ്യയും ബഹ്റൈനും യുഎഇയും ഈജിപ്തും വിച്ഛേദിച്ചു. ഖത്തര്‍ ഭീകരവാദത്തെ സഹായിക്കുന്നുവെന്നും മറ്റു രാജ്യങ്ങളിൽ ആഭ്യന്തര ഇടപെടല്‍ നടത്തിയെന്നും ആരോപിച്ചാണ് നടപടിയെന്നും വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.14 ദിവസത്തിനുള്ളിൽ ഖത്തര്‍ പൗരന്മാർ രാജ്യം വിടണമെന്ന് ഈ രാജ്യങ്ങൾ ആവശ്യപ്പെട്ടു. ഖത്തറില്‍ നിന്ന് സൗദിയിലേക്കുള്ള എല്ലാ ഗതാഗതവും നിര്‍ത്തലാക്കിയിട്ടുണ്ട്. അതിര്‍ത്തി പൂര്‍ണമായും അടയ്ക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഉംറ തീര്‍ത്ഥാടനത്തിന് തീരുമാനം തടസ്സമുണ്ടാക്കില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജിസിസി രാജ്യങ്ങൾക്കിടയിൽ ഭിന്നത രൂക്ഷമായിരുന്നു. ട്രംപിന്റെ സൗദി അറേബ്യ സന്ദര്‍ശനവുമായി ബന്ധപ്പെട്ട സാഹചര്യത്തിലാണ് ഇത് കൂടുതല്‍ മൂര്‍ച്ഛിച്ചത്. ഖത്തര്‍ വാര്‍ത്ത ഏജന്‍സികള്‍ നൽകിയ ചില വാർത്തകൾ പടലപ്പിണക്കത്തിന് പ്രധാന കാരണമായി. ഏജന്‍സി ഹാക്ക് ചെയ്യപ്പെട്ടതുകൊണ്ടാണ് തെറ്റായ വാര്‍ത്ത പ്രചരിച്ചത് എന്നായിരുന്നു ഖത്തര്‍ നല്‍കിയ ഔദ്യോഗിക വിശദീകരണം. കുവൈത്തിന്റെ മധ്യസ്ഥതയില്‍ ചില ചര്‍ച്ചകള്‍ നടന്നിരുവെങ്കിലും വിഫലമാവുകയായിരുന്നു. തുടര്‍ന്നാണ് ഈ രാജ്യങ്ങള്‍ ഖത്തറുമായുള്ള എല്ലാ നയതന്ത്രബന്ധങ്ങളും വിച്ഛേദിക്കുകയാണെന്ന പ്രഖ്യാപനം അല്‍പ സമയം മുമ്പുണ്ടായിരിക്കുന്നത്.

യെമനില്‍ ഹൂദി വിമതര്‍ക്കെതിരെ സൗദിയുടെ നേതൃത്വത്തില്‍ നടത്തുന്ന സൈനിക നടപടികളില്‍ നിന്ന് ഖത്തറിനെ ഒഴിവാക്കി. അല്‍-ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് എന്നിയടക്കമുള്ള തീവ്രവാദ ഗ്രൂപ്പുകളെ ഖത്തര്‍ പിന്തുണക്കുന്നുവെന്നാണ് ഗള്‍ഫ് രാജ്യങ്ങള്‍ ആരോപിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ