റിയാദ്: ആശങ്ക വർധിപ്പിച്ച് ബ്രിട്ടനിൽ കൊറോണ വൈറസിന് ജനിത ജനിതക മാറ്റം സംഭവിക്കുകയും പുതിയ തരം കൊവിഡ് വൈറസിന്റെ വ്യാപനം ചില വിദേശരാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്ത പശ്ചാത്തലത്തിൽ സൗദി അറേബ്യ രാജ്യാതിർത്തികൾ അടയ്ക്കുകയും വിമാന സർവീസുകൾ നിർത്തലാക്കുകയും ചെയ്തു.

എല്ലാ അന്താരാഷ്ട്ര വിമാന സർവിസുകളും താൽകാലികമായി ഒരാഴ്ചത്തേക്ക് നിർത്തലാക്കുമെന്നും അത്യാവശ്യ വിമാന സർവിസുകൾ മാത്രം അനുവദിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ സൗദിയിലുള്ള വിദേശ വിമാനങ്ങളെ തിരിച്ചുപോകാൻ അനുവദിക്കും. ഈ തീരുമാനം വീണ്ടും ഒരാഴ്ചത്തേക്ക് കൂടി നീട്ടിയേക്കും.

യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും പുതിയ കൊറോണ വൈറസ് വ്യാപനം നടക്കുന്ന മറ്റിടങ്ങളിൽ നിന്നും സൗദി അറേബ്യയിലെത്തിയ എല്ലാ ആളുകളും രണ്ടാഴ്ച ഹോം ക്വാറന്റൈനിൽ പോകേണ്ടി വരും. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഈ രാജ്യങ്ങൾ സന്ദർശിച്ചവർ കോവിഡ് -19 പരിശോധനയ്ക്ക് വിധേയരാകേണ്ടി വരുമെന്നും എസ്‌പി‌എ റിപ്പോർട്ട് ചെയ്യുന്നു. ഒരോ അഞ്ച് ദിവസത്തിലും പരിശോധന ആവർത്തിക്കണം.

കര, നാവിക, വ്യോമമാർഗങ്ങളിലൂടെ രാജ്യത്തേക്കുള്ള പ്രവേശനത്തിനും ഒരാഴ്ചത്തേക്ക് വിലക്കുണ്ടാവും. ഇതും വീണ്ടും ഒരാഴ്ച കൂടി നീട്ടിയേക്കാം. എന്നാൽ പുതിയ വൈറസ് ബാധ റിപ്പോർട്ട് ചെയ്യാത്ത രാജ്യങ്ങളിൽ നിന്നുള്ള ചരക്ക് ഗാതഗതത്തെ വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

യുകെ, ഡെൻമാർക്ക്, നെതർലാൻഡ്‌സ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് തുർക്കി അധികൃതർ അറിയിച്ചു.

“കൊറോണ വൈറസിന് ജനിതക മാറ്റം സംഭവിച്ചതോടെ യുകെയിൽ വ്യാപന നിരക്ക് വർദ്ധിച്ചതായി റിപ്പോർട്ടുണ്ട്. ഞങ്ങളുടെ പ്രസിഡന്റിന്റെ നിർദേശപ്രകാരം ഞങ്ങളുടെ ഗതാഗത, അടിസ്ഥാന സൌകര്യ മന്ത്രാലയത്തിന്റെ ഏകോപനത്തോടെ ഇംഗ്ലണ്ടിൽ നിന്നുള്ള വിമാനങ്ങൾക്ക് താൽക്കാലിക സസ്പെൻഷൻ നൽകിയിട്ടുണ്ട്, ഡെൻമാർക്ക്, നെതർലാന്റ്സ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് നമ്മുടെ രാജ്യത്തേക്ക് പ്രവേശനമില്ല.” തുർക്കി ആരോഗ്യമന്ത്രി ഫഹ്രെറ്റിൻ കോക ട്വിറ്ററിൽ കുറിച്ചു.

ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ വ്യാപനം വേഗത്തിലാണെന്നാണ് ബ്രിട്ടീഷ് ആരോഗ്യവകുപ്പ് സെക്രട്ടറി മാറ്റ് ഹാൻകോക് വെളിപ്പെടുത്തിയത്. ഞായറാഴ്ച മാത്രം 13000 പേർക്കാണ് പുതിയ തരം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവിലെ കൊറോണ വൈറസിനേക്കാൾ 70 ശതമാനം വ്യാപന ശേഷികൂടുതലാണെന്നാണ് കണ്ടെത്തൽ. എന്നാൽ ആഗോളതലത്തിൽ വികസിപ്പിച്ച എല്ലാ വാക്‌സിനുകളും ജനിതകമാറ്റം വന്നിരിക്കുന്ന വൈറസിനെതിരേയും ഫലപ്രദമാണെന്നാണ് കേംബ്രിഡ്ജ് സർവ്വകലാശാല അറിയിച്ചു.

ലണ്ടൻ മേഖലയിലും തെക്ക് കിഴക്കൻ ഇംഗ്ലണ്ടിലുമാണ് രോഗവ്യാപനം നടന്നിരിക്കുന്നത്. മേഖലയിൽ ടയർ-ഫോർ നിയന്ത്രണങ്ങൾ സ്വീകരിച്ചതായി പ്രധാനമന്ത്രി ബോറിസ് ജോൺസൻ അറിയിച്ചു. എല്ലാ ക്രിസ്തുമസ് ആഘോഷങ്ങളും റദ്ദാക്കിയതായും പൊതുസമൂഹം ആഗോഷങ്ങൾ വീടുകളിലേക്ക് മാറ്റണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook